നസീര്‍ വാടാനപ്പള്ളി
ദുബായ് : ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ, സ്‌പോണ്‍സറുടെയോ, എംബസ്സിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കും എന്ന നോര്‍ക്കാ പ്രഖ്യാപനം വന്‍ തട്ടിപ്പാണെന്ന് ആക്ഷേപം. യുഎഇയില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു. ഈ വിഷയത്തില്‍ യാതൊരു വിവരവും ഇല്ലാത്ത ചിലര്‍ നല്‍കിയ തെറ്റായ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സൗജന്യം എന്ന തട്ടിപ്പ് എന്നും ആക്ഷേപം ഉയരുന്നു.
യു.എ.ഇയില്‍ ഒരു വ്യക്തി മരണപ്പെട്ടാല്‍ ബന്ധുക്കള്‍ക്ക് നാട്ടിലേക്ക് കൊണ്ടു പോകണമെന്നുണ്ടെങ്കില്‍, തൊഴിലുടമയോ സ്‌പോണ്‍സറോ ചെലവ് വഹിച്ച്, മൃതദേഹം നാട്ടിലെത്തിക്കണമെന്നതാണ് നിയമം. കമ്പനി ഉടമക്കോ സ്‌പോണ്‍സര്‍ക്കോ അതിനു കഴിയാത്ത സാമ്പത്തിക സാഹചര്യമാണെങ്കില്‍ കമ്പനിയുടെ ലെറ്റര്‍പേഡില്‍ ഒരു അപേക്ഷ നല്‍കണം. ഇതോടൊപ്പം, മരണപ്പെട്ട വ്യക്തിയുടെ അടുത്ത ഒരു ബന്ധുവിന്റെ അപേക്ഷയും കോണ്‍സുലേറ്റില്‍ സമര്‍പ്പിച്ചാല്‍ മുഴുവന്‍ ചെലവുകളും കോണ്‍സുലേറ്റാണ് വഹിക്കുന്നത്. അതായത്, ഡെത്ത് സര്‍ട്ടിഫികറ്റിനുള്ള ചാര്‍ജ്ജ്: 125 ദിര്‍ഹം, എംബാമിങ് ചാര്‍ജ്ജ്: 1077 ദിര്‍ഹം, കഫിന്‍ ബോക്‌സ്: 1840 ദിര്‍ഹം, എംബാമിങ് സെന്റര്‍ മുതല്‍ എയര്‍പ്പോര്‍ട്ട് വരെയുള്ള ചാര്‍ജ് : 220 ദിര്‍ഹം, മൃതദേഹത്തിന്റെ കാര്‍ഗോ ചാര്‍ജ് (എയര്‍ഇന്ത്യ ദുബായില്‍ നിന്ന് 1500 ദിര്‍ഹം ), ഡനാറ്റ സര്‍വ്വീസ് ചാര്‍ജ് 500 ദിര്‍ഹം , മൃതദേഹത്തിന്റെ കൂടെ പോകുന്ന യാത്രക്കാരന്റെ നാട്ടിലേക്കുള്ള ടിക്കറ്റും തിരിച്ചുവരുന്ന ടിക്കറ്റ് ചാര്‍ജും ഉള്‍പ്പടെ, മുഴുവന്‍ ചെലവും ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കി വരുന്നതാണ്. മുന്‍ പ്രവാസകാര്യ മന്ത്രി വയലാര്‍ രവിയാണ് ഇതിന് തുടക്കമിട്ടത്. ഇതാണ് ,ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ അവകാശവാദമായി ചൂണ്ടിക്കാട്ടുന്നതെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ പരാതി.
ഒരു ഇന്ത്യക്കാരന്റെ മൃതദേഹം പോലും ഇത്തരത്തില്‍ പണം ഇല്ലാത്തതിന്റെ പേരില്‍ നാട്ടില്‍ കൊണ്ടു പോകാനാവാതെ യുഎഇയിലെ മോര്‍ച്ചറികളില്‍ കിടക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ല. ഇവിടെ പല ആശുപത്രികളിലായി വിവിധ അസുഖങ്ങളായി കിടക്കുന്നവരുണ്ട്. അത്തരം രോഗികളെ നാട്ടിലേക്ക് കൊണ്ടുപോകുവാന്‍ ചിലപ്പോള്‍ വീല്‍ ചെയര്‍, സ്‌റ്റ്രെക്ചര്‍,എയര്‍ ആംബുലന്‍സ് സൗകര്യങ്ങള്‍വരെ ആവശ്യമായി വരാറുണ്ട് . ഇത്തരത്തില്‍ രോഗികള്‍ക്കൊപ്പം, നഴ്‌സ്മാര്‍ സഹിതം പോകുന്നതിനുള്ള സാമ്പത്തിക ചെലവ് സഹിതം ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കി വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യം നിലവിലുള്ളപ്പോള്‍ നോര്‍ക്കയുടേതായി പുറത്തുവന്ന പദ്ധതി, പ്രവാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള വന്‍ തട്ടിപ്പ് ആണെന്നും നസീര്‍ വാടാനപ്പള്ളി ആരോപിച്ചു.
അതേസമയം, പിണറായി സര്‍ക്കാര്‍ ഈ വിവാദത്തിലൂടെ പ്രവാസികളുടെ മൃതദേഹത്തെ പോലും അപമാനിക്കുന്നതായി , കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇന്‍കാസിന്റെ യുഎഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആരോപിച്ചു. മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ നോര്‍ക്കാ – റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും , എയര്‍ ഇന്ത്യ കാര്‍ഗോ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി ധാരണാപത്രം ഒപ്പുവച്ചു എന്ന വാര്‍ത്ത, പ്രചരിപ്പിച്ച് ആളുകളെ ആശയക്കുഴപ്പത്തിലാക്കി , പിണറായി സര്‍ക്കാര്‍ തട്ടിപ്പ് നടത്തുകയാണെന്ന് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ഇത് ബജറ്റ് പ്രസംഗത്തിലൂടെ കൈയ്യടി വാങ്ങാന്‍ നടത്തിയ ചെപ്പടി വിദ്യമാത്രമാണ്. പ്രവാസികള്‍ ഇത് തിരച്ചറിയണം. ഇതിനെതിരെ മുഴുവന്‍ പ്രവാസികളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഇന്‍കാസ് ജനറല്‍ ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
പുന്നക്കന്‍ മുഹമ്മദലി