ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ കശ്മീര്‍ വിഷയവും സിന്ധു നദീജല ഉടമ്പടിയും ഉന്നയിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസംഗത്തെ ഇന്ത്യ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്വവല്‍ക്കരിക്കുകയാണെന്നും ഷെരീഫിന്റെ നടപടി ‘അസംബന്ധ നാടകമാണെ’ന്നും ഇന്ത്യന്‍ നയതന്ത്രജ്ഞ പേറ്റല്‍ ഗഹ്ലോട്ട് പ്രതികരിച്ചു.
പാകിസ്ഥാന്റെ വിദേശനയത്തിന്റെ കേന്ദ്രബിന്ദു ഭീകരവാദമാണെന്ന് പേറ്റല്‍ ഗഹ്ലോട്ട് യുഎന്‍ പൊതുസഭയില്‍ പറഞ്ഞു. ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗം അസംബന്ധ നാടകമായിരുന്നുവെന്നും അവരുടെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവായ ഭീകരവാദത്തെയാണ് അദ്ദേഹം വീണ്ടും മഹത്വവല്‍ക്കരിച്ചതെന്നും പേറ്റല്‍ ഗഹ്ലോട്ട് പറഞ്ഞു. എന്നാല്‍, എത്ര നാടകം കളിച്ചാലും എത്ര നുണകള്‍ പറഞ്ഞാലും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരസംഘടനയായ ‘ദ റെസിസ്റ്റന്‍സ് ഫ്രണ്ടിനെ’ (TRF) യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്ഥാന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചതും ഗഹ്ലോട്ട് ഓര്‍മ്മിപ്പിച്ചു. ഭീകരവാദികളെ സംരക്ഷിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന പാകിസ്ഥാന്‍ ലജ്ജയില്ലാതെ കെട്ടിച്ചമച്ച കാര്യങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണെന്ന് ഗഹ്ലോട്ട് കുറ്റപ്പെടുത്തി.
പത്ത് വര്‍ഷത്തോളം ഒസാമ ബിന്‍ ലാദനെ ഒളിപ്പിച്ചത് പാകിസ്ഥാനാണ്. ഭീകരതക്കെതിരായ യുദ്ധത്തില്‍ പങ്കാളികളാണെന്ന് നടിക്കുമ്പോഴാണ് ഈ ഒളിസങ്കേതം നല്‍കിയതെന്നും ഗഹ്ലോട്ട് പറഞ്ഞു. തങ്ങള്‍ പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് പാകിസ്ഥാന്‍ മന്ത്രിമാര്‍ അടുത്തിടെ സമ്മതിച്ചതാണെന്നും ഈ കപടത അവരുടെ പ്രധാനമന്ത്രിയുടെ തലത്തില്‍ പോലും തുടരുന്നതില്‍ അത്ഭുതമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം 1960-ലെ സിന്ധു നദീജല ഉടമ്പടി ഇന്ത്യ ലംഘിച്ചു എന്ന് ഷെരീഫ് ആരോപിച്ചു. കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഉടമ്പടിയില്‍ നിന്നുള്ള പങ്കാളിത്തം ഇന്ത്യ നിര്‍ത്തിവച്ചതെന്ന് ഗഹ്ലോട്ട് വിശദീകരിച്ചു. ഭീകരവാദത്തിന് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുന്നതില്‍ വിശ്വസനീയമായ നടപടികള്‍ എടുത്താല്‍ മാത്രമേ ഉടമ്പടി പുനഃസ്ഥാപിക്കുകയുള്ളൂ എന്നും ഇന്ത്യ വ്യക്തമാക്കി.