ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. യുക്രെയ്ന്‍, ഗാസ യുദ്ധങ്ങൾ വരെ നിർത്താനാകുമെന്ന് പറയുന്ന മോദിക്ക് പേപ്പർ ചോർച്ച തടയാൻ സാധിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ചയാണ് നടക്കുന്നതെന്നും എന്നാല്‍ സർക്കാരിന് തടയണമെന്ന് ആഗ്രഹമില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ചോദ്യപേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രമായി മാറി. 24 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാകുന്ന വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.
രണ്ടാം ഭരത് ജോഡോ യാത്രയിൽ എല്ലായിടത്തും വിദ്യാർത്ഥികൾ പേപ്പർ ചോർച്ചയെക്കുറിച്ച് ആശങ്ക പങ്കുവെച്ചിരുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശ്, ഗുജറാത്ത് കേന്ദ്രീകരിച്ച് ആണ് ഇത് നടക്കുന്നത്. വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യോഗ്യത നോക്കിയല്ലെന്നും ചില സംഘടനകളുമായുള്ള ബന്ധം നോക്കിയാണെന്നും രാഹുല്‍ വിമർശിച്ചു. വിദ്യാർത്ഥികളെ ദുരിതത്തിലാക്കുന്ന പ്രശ്നം പരിഹരിക്കാന്‍ സർക്കാർ താല്‍പര്യം കാണിക്കുന്നില്ല. പാർലമെൻറിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ ഒരു സംഘടന കൈലാക്കി, ഇത് മാറണം എന്നാണ് ആവശ്യം. നിലവിൽ ഉള്ള രീതി മാറ്റണം. ജനം ഇരിക്കുന്നത് ഒരു ദുരന്തത്തിന് മുകളിലാണ്. മോദി സർക്കാർ ഒറ്റക്കാലിൽ ആണ് മുന്നോട്ടുപോകുന്നത്. ബിഹാർ സംഭവത്തിൽ ആരാണോ ഉത്തരവാദി, അതിൽ അന്വേഷണം നടക്കണം. ബിജെപി ലബോറട്ടറികൾ ആണ് തട്ടിപ്പിന്‍റെ പ്രഭവകേന്ദ്രമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. നിലവിൽ ശക്തമായ പ്രതിപക്ഷം ഉണ്ട്, മുന്നോട്ടു പോകുമ്പോൾ കാര്യങ്ങൾ കൂടുതല്‍ രസകരമാകുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ ഗാന്ധി.