ലോക്സഭാ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പണം തുടങ്ങി

Jaihind Webdesk
Thursday, March 28, 2019

Nomination

സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുളള നാമനിർദ്ദേശ പത്രിക സമർപ്പണം തുടങ്ങി.  ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ നാമനിർദേശ പത്രിക എസ് യു സി ഐ സ്ഥാനാർത്ഥി മിനി തിരുവനന്തപുരം ജില്ലാ കലക്ടർ കെ.വാസുകിക്ക് സമർപ്പിച്ചു. ബിജെപിയുടെയും സംസ്ഥാന ഗവൺമെന്‍റിന്‍റെയും തെറ്റായ നയങ്ങൾക്കെതിരെയാണ് തന്‍റെ സ്ഥാനാർത്ഥിത്വം എന്ന് പത്രിക സമർപ്പിച്ച് മിനി പറഞ്ഞു.  കൂടുതൽ സ്ഥാനാർത്ഥികൾ വരും ദിവസങ്ങളിൽ പത്രിക സമർപ്പിക്കും. ഇന്നുമുതൽ ഏപ്രിൽ നാലു വരെ പത്രിക സമർപ്പിക്കാം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. പത്രികകളുടെ സൂഷ്മപരിശോധന ഏപ്രിൽ അഞ്ചും പിൻവലിക്കാനുള്ള തീയതി ഏപ്രിൽ എട്ടുമാണ്. ഒരു സ്ഥാനാർത്ഥിക്ക് നാലുസെറ്റ് പത്രികകൾ വരെ നൽകാം. സ്ഥാനാർത്ഥികൾ ക്രിമിനൽ കേസുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവ സംബന്ധിച്ച് സത്യവാങ്മൂലം രേഖപ്പെടുത്തി നാമനിർദേശപത്രികയോടൊപ്പം നൽകണം. 25000 രൂപയാണ് സ്ഥാനാർത്ഥികൾ കെട്ടിവെയ്‌ക്കേണ്ട തുക. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ 12500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.