ഷൈനിയേയും മക്കളേയും ആത്മഹത്യയിലേയ്ക്കു തള്ളിവിട്ടത് നോബിയുടെ ഈഗോ

Jaihind News Bureau
Thursday, March 6, 2025

ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മര്‍ദ്ദം. ബി എസ് സി നഴ്‌സിംഗ് പാസ്സായ ഷൈനി പല തവണ ശ്രമിച്ചിട്ടും ജോലി കിട്ടാത്തത് അസ്വസ്ഥയാക്കിയിരുന്നു. മരിക്കുന്നതിന് മുമ്പ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശത്തില്‍ ഈ സങ്കടങ്ങള്‍ തുറന്നു പറയുന്നുണ്ട്. മക്കളെ ഒപ്പം നിര്‍ത്തേണ്ടതിനാല്‍ കേരളത്തിലെവിടെയെങ്കിലും ജോലി നേടാനാണ് ഷൈനി ശ്രമിച്ചത്. ഒരുപാട് അന്വേഷിച്ചിട്ടും ജോലി ലഭിക്കാത്തത് ഷൈനിക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.മക്കളെ ഹോസ്റ്റലില്‍ നിര്‍ത്തിയിട്ട് എവിടേലും ജോലിക്ക് പോകണം എന്നും ഷൈനി സുഹൃത്തിന് അയച്ച ശബ്ദം സന്ദേശത്തില്‍ പറയുന്നുണ്ട്.

വിദേശത്തേക്ക് പോകണമെങ്കിലും എക്‌സിപീരിയന്‍സ് വേണമെന്ന നിബന്ധനയും ഷൈനിയ്ക്ക് മറികടക്കാനായില്ല. അതേസമയം, വിവാഹ മോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും, പല തവണ നോട്ടീസ് അയച്ചിട്ടും ഭര്‍ത്താവ് നോബി അത് കൈപ്പറ്റിയില്ലന്നും ഷൈനി പറയുന്നുണ്ട്.. ഫെബ്രുവരി 17 ന് കോടതിയില്‍ വിളിച്ചിട്ടും നോബി എത്തിയില്ല, കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനോട് ആശങ്കയോടെ ശബ്ദ സന്ദേശത്തില്‍ പറഞ്ഞു..

കടുത്ത മാനസിക സമ്മര്‍ദമാണ് ഷൈനി അനുഭവിച്ചിരുന്നത് സുഹൃത്തിന് അയച്ച ശബ്ദം സന്ദേശത്തിലൂടെ വ്യക്തമാണ്.. ഭര്‍ത്താവ് നോബിയുമായിട്ട് ഉള്ള കുടുംബ പ്രശ്‌നങ്ങള്‍ ഷൈനിയെ ഏറെ അലട്ടിയിരുന്നു.. 9 മാസം ആയി ഷൈനിയും ഭര്‍ത്താവും അകന്നു കഴിയുകയായിരുന്നു.. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓടുന്ന ട്രെയിനിന് മുന്‍പില്‍ ചാടി പെണ്‍മക്കളുമൊത്ത് ഷൈനി ആത്മഹത്യ ചെയ്തത്.. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി നോബിയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് വ്യക്തമാക്കി…