സമരക്കാരുമായി ചര്‍ച്ചയില്ല, ആശമാരുടെ ആവശ്യങ്ങള്‍ പഠിക്കാനുള്ള കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം

Jaihind News Bureau
Sunday, April 6, 2025

ആശാവര്‍ക്കറുമാരുടെ അതിജീവന സമരം 56ാം ദിവസത്തിലേക്ക് കടന്നു. ഓണറേറിയം വര്‍ദ്ധനവ് ഉള്‍പ്പെടെ പരിശോധിക്കാന്‍ കമ്മറ്റി രൂപീകരിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ സമരക്കാരുമായി ഇനി ചര്‍ച്ചക്കിലെന്ന നിലപാടിലാണ്. അനിശ്ചിതകാല നിരാഹാര സമരം 18 ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം ഒത്തുതീര്‍പ്പാക്കണമെന്ന അവശ്യം പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ടെങ്കിലും വഴങ്ങാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനവടക്കം പഠിക്കാന്‍ കമ്മിറ്റിയെന്ന തീരുമാനത്തിലുറച്ചാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. കമ്മിറ്റി നിയോഗിക്കാനുള്ള തീരുമാനത്തെ സിഐടിയുവും ഐഎന്‍ടിയുസിയും പിന്തുണച്ചിരുന്നു. എന്നാല്‍ പിടിവാശി തങ്ങള്‍ക്കല്ല ,സര്‍ക്കാരിനെന്നാണ് സമരസമിതിയുടെ മറുപടി. സര്‍ക്കാര്‍ ഇനിയൊരു ചര്‍ച്ചക്ക് തയ്യാറല്ലാത്തതിനാല്‍ പ്രതിഷേധം കടുപ്പിക്കാന്‍ ആണ് ആശമാരുടെ തീരുമാനം. ആശ പ്രവര്‍ത്തകരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ ട്രേഡ് യൂണിയനുകളുമായി വിശദമായ ചര്‍ച്ച നടത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. സംഘടനകള്‍ ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണുള്ളത്. കുടിശിക തീര്‍ക്കുകയും ഓണറേറിയം മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്തു. കമ്മിറ്റിയെ രൂപീകരിക്കാമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മൂന്ന് മാസത്തെ സമയപരിധി വച്ച് പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കാനാണ് ഉദ്ദേശിച്ചത്. സമരത്തില്‍ നിന്ന് പിന്‍മാറണം എന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ട്രേഡ് യൂണിയന്‍ നേതൃത്വം പ്രതികരിച്ചത് പോസിറ്റീവായിട്ടാണ്. സമരം ചെയ്യുന്ന സംഘടന ആലോചിച്ച് അറിയിക്കാമെന്നാണ് പറഞ്ഞിരുന്നത്. ഓണറേറിയം വര്‍ദ്ധന അടക്കമുള്ള കാര്യങ്ങള്‍ ടേംസ് ഓഫ് റഫന്‍സില്‍ ഉള്‍പ്പെടുത്തി തന്നെ മുന്നോട്ട് പോകും. ഓണറേറിയം വര്‍ധന തീരുമാനിക്കേണ്ടത് ആരോഗ്യ വകുപ്പ് ഒറ്റക്കല്ല. ധനവകുപ്പും തൊഴില്‍ വകുപ്പും എല്ലാം അഭിപ്രായം പറയണം. എന്നാല്‍ ചര്‍ച്ചയെല്ലാം റെക്കോര്‍ഡഡാണെന്നും സമരക്കാര്‍ക്ക് സമ്മതമെങ്കില്‍ അത് പുറത്ത് വിടാമെന്നും വീണ ജോര്‍ജ് വ്യക്തമാക്കിരുന്നു. വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണേണ്ടതെന്നും അതുള്‍ക്കൊണ്ടുകൊണ്ട് സമരത്തില്‍ നിന്ന് പിന്മാറണമെന്നും സര്‍ക്കാര്‍ എതിര്‍ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വീണ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.