തമിഴ്‌നാട് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ലെന്ന് രജനീകാന്ത്

Jaihind News Bureau
Monday, December 9, 2019

തമിഴ്‌നാട് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ല എന്ന് രജനീകാന്ത്. അതേസമയം കമൽഹാസൻറെ പാർട്ടി ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഡിസംബർ 27 മുതൽ 30 വരെ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്.

തദ്ദേശ തെരഞ്ഞെടുപ്പിൽ സൂപ്പർതാരം രജനീകാന്ത് ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തണയ്ക്കില്ലെന്ന് രജനി മക്കൾമൺട്രം ഭാരവാഹി വി.എം. സുധാകരൻ പ്രസ്താവനയിൽ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രജനീകാന്തിൻറെ പേര്, ഫോട്ടോ, രജനിമക്കൾ മൺട്രത്തിന്റെ പതാക എന്നിവ ഉപയോഗിച്ചാൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കമൽഹാസനുമായി ചേർന്ന് 2021 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.
ഇതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസനും അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം കുറവാണ് അതിനാലാണു മത്സരരംഗത്തുനിന്നുപിൻമാറുന്നത്. എന്നാൽ 2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്നും കമൽഹാസൻ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായി തങ്ങൾ ഒരുമിക്കേണ്ട സാഹചര്യം വന്നാൽ ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ഇരുവരും നേരത്തെ തന്നെ വ്യക്തമാക്കിയുരുന്നു.