സര്‍ക്കാരിന് നിസ്സംഗത; വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല: വി.ഡി.സതീശന്‍

Jaihind News Bureau
Tuesday, February 11, 2025

തിരുവനന്തപുരം: സര്‍ക്കാരിന് നിസംഗതയെന്നും വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

“ഇന്നലെ ഇടുക്കി പെരുവന്താനത്ത് ഒരു സ്ത്രീയെയും ഇന്ന് വയനാട് ബത്തേരി നൂല്‍പുഴയില്‍ ഒരു ചെറുപ്പക്കാരനെയും ആന ചവിട്ടിക്കൊന്നിരിക്കുകയാണ്. ഈ ആഴ്ച മാത്രം മൂന്ന് മരണങ്ങളാണുണ്ടായത്. യു.ഡി.എഫ് നടത്തിയ മലയോര സമര യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യ വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണം എന്നതായിരുന്നു. ഇത്തവണത്തെ ബജറ്റില്‍ കൂടുതല്‍ തുക വച്ചിട്ടുണ്ട് എന്നതില്‍ കാര്യമില്ല. കാരണം കഴിഞ്ഞ തവണ നീക്കിവച്ച തുകയുടെ പകുതി പോലും ചെലവഴിച്ചില്ല. കഴിഞ്ഞ നാലു വര്‍ഷമായി വന്യജീവികളെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള കിടങ്ങുകളോ, മതിലുകളോ, സൗരോര്‍ജ്ജ വേലികളോ നിര്‍മ്മിച്ചില്ല. മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടു കൊടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് മലയോര സമര യാത്ര നടത്തിയത്. വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

വനാതിര്‍ത്തികളില്‍ മാത്രമല്ല നാട്ടിന്‍പുറത്തേക്ക് കൂടി വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുകയാണ്. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. എന്നിട്ടും സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണ്. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാനോ ജനങ്ങളെ അതില്‍ നിന്നും രക്ഷിക്കാനോ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ജനങ്ങള്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യം ഉണ്ടായിട്ടും ഒന്നും ചെയ്യാതെ സര്‍ക്കാര്‍ വെറുതെയിരിക്കുകയാണ്”.

രണ്ട് ദിവസം കൊണ്ട് 3 പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതിനെതിരെ വനംവകുപ്പ് നടപടികള്‍ സ്വീകരിക്കാത്തതിനെതിരെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.