‘മോദി’ പരാമർശത്തിലെ വിധിക്ക് സ്റ്റേയില്ല; നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, April 20, 2023

 

സൂറത്ത്: മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീല്‍ സൂറത്ത് സെഷൻസ് കോടതി തള്ളി. ഇതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. ശിക്ഷാ വിധിക്കെതിരെ നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി നേരത്തേ ജാമ്യകാലാവധി നീട്ടി നൽകിയിരുന്നു. കേസില്‍ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. അതേസമയം നിയമപോരാട്ടം തുടരമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

കേസിന്‍റെ നാള്‍വഴി:

മാർച്ച് 23: മോദി പരാമർശത്തിലെ അപകീർത്തി കേസിൽ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രാഹുൽ ഗാന്ധിയെ രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചു.

മാർച്ച് 24: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കി.

മാർച്ച് 27: ഔദ്യോഗിക വസതി ഏപ്രിൽ 22 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റിന്‍റെ നോട്ടീസ്.

ഏപ്രിൽ 3: അപകീർത്തിക്കേസിലെ വിധിക്കെതിരെ സൂറത്ത് സെഷൻസ് കോടതിയിൽ രാഹുല്‍ ഗാന്ധി അപ്പീൽ നൽകി. കോടതി ജാമ്യകാലാവധി നീട്ടി നൽകി.

ഏപ്രിൽ 13: വിധി പറയുന്നത് ഏപ്രിൽ 20 ലേക്ക് മാറ്റി.

ഏപ്രില്‍ 20: വിധി സ്റ്റേ ചെയ്യാതെ സൂറത്ത് സെഷന്‍സ് കോടതി.

 

2019 ൽ കോലാറിൽ നടത്തിയ പ്രസംഗമായിരുന്നു രാഹുലിന്‍റെ അയോഗ്യതയ്ക്ക് കാരണമായത്. ‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്? എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു? ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരും’. 2019 ഏപ്രിൽ 13 ന് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കർണാടകയിലെ കോലാറിൽ പ്രചാരണ റാലിയിൽ നടത്തിയ ഈ പരാമർശത്തിന്‍റെ പേരിൽ ബിജെപി നേതാവ് ഗുജറാത്തിലെ സൂറത്ത് കോടതിയിൽ കേസ് നൽകുകയും രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയുമായിരുന്നു.