Election Commission of India| വോട്ടു ചോരിയില്‍ മിണ്ടാട്ടമില്ല; തിരഞ്ഞെടുപ്പു കമ്മിഷന് വ്യഗ്രത വോട്ടര്‍ പട്ടിക പുതുക്കാന്‍; ‘SIR’ രാജ്യവ്യാപകമാക്കുമ്പോള്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഏറെ

Jaihind News Bureau
Thursday, October 23, 2025

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യത്തുടനീളം ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ (SIR) അഥവാ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുതുക്കല്‍ നടപടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ നടന്ന രണ്ട് ദിവസത്തെ ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കമ്മിഷന്‍ അറിയിച്ചതെങ്കിലും ഇതിനായുള്ള രാഷ്ട്രീയ തിരക്കഥകള്‍ നേരത്തേ പൂർത്തിയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വോട്ടര്‍പട്ടികയിലുള്‍പ്പെടെ വ്യാപക തിരിമറിയും വോട്ടു കൊള്ളയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി  പുറത്തു കൊണ്ടുവന്നപ്പോള്‍ യാതൊരു പ്രതികരണവുമില്ലാതിരുന്ന കമ്മിഷനാണ് തീവ്രപരിശോധനയ്ക്ക് ഇപ്പോള്‍ വ്യഗ്രത കൂട്ടുന്നത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അസം, തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഇഋഛമാരുമായി കമ്മീഷന്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയതും ഈ വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഈ നീക്കം ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ ആശങ്കകളാണ് ഉയര്‍ത്തുന്നത്. വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്തുക, ഇരട്ടിപ്പുകള്‍ ഒഴിവാക്കുക, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുക എന്നിവയാണ് SIRന്റെ ഔദ്യോഗിക ലക്ഷ്യങ്ങള്‍. എന്നാല്‍, കോണ്‍ഗ്രസ് നേതൃതമുള്‍പ്പെടെ പ്രതിപക്ഷം ഈ നീക്കത്തെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയെ സുതാര്യമാക്കാനെന്ന പേരില്‍ നടത്തുന്ന ഈ നടപടികള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായി വോട്ടര്‍ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്താനാണ് ഉപയോഗിക്കുന്നതെന്ന ആശങ്കയുണ്ട്.

SIR പ്രക്രിയയില്‍, പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിലും നിലവിലുള്ള വോട്ടര്‍മാരെ ഒഴിവാക്കുന്നതിലും പക്ഷപാതം കാണിക്കാനുള്ള സാധ്യത കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദളിത് വിഭാഗം,മുസ്‌ളിങ്ങള്‍, യുവാക്കള്‍, തൊഴിലാളികള്‍ തുടങ്ങിയ വിഭാഗത്തില്‍ നിന്നുള്ള വോട്ടര്‍മാരെ മനഃപൂര്‍വം ഒഴിവാക്കുകയോ ഇവരുടെ പേര് ചേര്‍ക്കുന്നതിലെ കാലതാമസം വരുത്താന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കുന്നു.

‘ഇരട്ടിപ്പുകള്‍ ഒഴിവാക്കുക’ എന്ന പേരില്‍, പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ദളിത്, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ഇതിന് മുമ്പും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്നും, വോട്ടര്‍ പട്ടികയില്‍ നിന്നും വോട്ടര്‍മാരുടെ വിവരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായ സംഭവങ്ങളും കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത തന്നെ സംശയത്തിലാണെന്നത് ഈ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഭരണകക്ഷി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന ആരോപണം കോണ്‍ഗ്രസ് നേരത്തെ തന്നെ ഉന്നയിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ SIR വളരെ വേഗത്തില്‍ നടപ്പിലാക്കുന്നത് അവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും വലിയ പ്രതീക്ഷകളുണ്ട്. അതുകൊണ്ടുതന്നെ, വോട്ടര്‍ പട്ടികയിലെ ഏതൊരു കൃത്രിമത്വവും തങ്ങളുടെ വിജയസാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നു.

ഈ ആശങ്കകള്‍ക്കിടയിലും, SIR പ്രക്രിയയെ ജാഗ്രതയോടെ നിരീക്ഷിക്കാനും അതിലെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനുമാണ് കോണ്‍ഗ്രസും പ്രതിപക്ഷവും ഒരുങ്ങുന്നത്. ബൂത്ത് തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ സജീവമായി ഇടപെടാനും, പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും അനര്‍ഹരെ ഒഴിവാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ തേടാനും കോടതികളെ സമീപിക്കാനും കോണ്‍ഗ്രസ് മടിക്കില്ല.

ചുരുക്കത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ടകഞ നടപടി സുതാര്യവും നിഷ്പക്ഷവുമാണെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ജാഗ്രത പാലിക്കും. ഈ നീക്കത്തെ ഒരു രാഷ്ട്രീയ വെല്ലുവിളിയായി കണ്ട്, വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാനുള്ള സാധ്യതകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ശ്രമിക്കുന്നത്.