കാലിക്കറ്റ് സര്‍വ്വലകശാലയിലെ എസ്എഫ്‌ഐ ബാനറില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ചാന്‍സലറെയാണ് വേണ്ടത് സവര്‍ക്കറെയല്ല( We Need Chancellor Not Savarkar) എന്ന ബാനറിനെതിരെയായിരുന്നു ഗവര്‍ണറുടെ പ്രതികരണം. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നതെന്നും എന്ത് ചിന്തയാണിതെന്നും ഗവര്‍ണര്‍ ചോദിച്ചു. ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ലഹരിക്കെതിരായ സന്ദേശവുമായാണ് ഗവര്‍ണര്‍ സര്‍വകലാശാല സന്ദര്‍ശിച്ചത്. ‘Say no to drugs’ എന്നെഴുതിയ വസ്ത്രവും അദ്ദേഹം ധരിച്ചിരുന്നു. സര്‍വകലാശാലയിലേക്ക് കയറിയപ്പോള്‍ തന്നെ എസ് എഫ് ഐയുടെ ബാനര്‍ കണ്ടുവെന്നും ഇങ്ങനെയുള്ളവ എങ്ങനെ ക്യാമ്പസില്‍ എത്തുന്നുവെന്നത് ശ്രദ്ധിക്കണമെന്നും എന്ന് വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു.
മുന്‍ ചാന്‍സലര്‍ സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ സ്ഥാപിച്ച ബാനര്‍ ആയിരുന്നു അത്. സവര്‍ക്കര്‍ എന്നാണ് രാജ്യത്തിന് ശത്രു ആയി മാറിയതെന്ന് ഗവര്‍ണര്‍ ചോദിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ രാജ്യത്തിനു നേട്ടം ഉണ്ടാക്കാന്‍ കഴിയൂ. തൊഴില്‍ ദാതാക്കളെ സൃഷ്ടിക്കാന്‍ നമുക്ക് കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ലഹരിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാറിനോടൊപ്പമാണെന്നും മുഖ്യമന്ത്രിയെ അത് അറിയിച്ചിട്ടുണ്ടെന്നും നല്ല ഭാവിക്കായി ലഹരിയില്‍ നിന്നും തലമുറകളെ രക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനു വേണ്ടി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ആര്‍ലേക്കര്‍ ആഹ്വാനം ചെയ്തു.