ശമ്പളമില്ല; കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍

Jaihind Webdesk
Thursday, July 13, 2023

തൃശൂര്‍: കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് ഡ്രൈവറുടെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ചത്.

ശമ്പളം ഇല്ലാത്തതിനാൽ ഡ്യൂട്ടിക്ക് വരാൻ വണ്ടിയിൽ പെട്രോളില്ല. പെട്രോൾ നിറയ്ക്കാർ കയ്യിൽ പണമില്ല. അതിനാൽ 13, 14, 15 തീയതികളിൽ അവധി വേണം. തൂമ്പാ പണിക്ക് പോകാനാണ് അവധിക്ക് അപേക്ഷിക്കുന്നതെന്നും ഡ്രൈവർഅജു വ്യക്തമാക്കുന്നു. പ്രതിഷേധ സൂചകമായാണ് ഇത്തരം ഒരു അവധിക്കത്ത് അജു നൽകിയത്. കത്ത് പിന്നീട് തിരികെ വാങ്ങി.

എന്തായാലും കെ എസ് ആർ ടി സിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമാണ്.
സര്‍ക്കാര്‍ നല്‍കി വരുന്ന സഹായധനം കൈമാറാത്തതാണ് ശമ്പളവിതരണം നീളാന്‍ കാരണം. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗ‍ഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ വാഗ്ദാനം പല തവണ ട്രാക്ക് തെറ്റി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കിയിരിക്കുകയാണ്.