മാസങ്ങളായി വേതനമില്ല; ദിവസവേതന അധ്യാപകരോട് സർക്കാരിന്‍റെ കടുത്ത അവഗണന

Jaihind News Bureau
Sunday, August 30, 2020

 

കണ്ണൂർ: ദിവസവേതന അധ്യാപകരോട് സംസ്ഥാന സർക്കാരിന്‍റെ കടുത്ത അവഗണന. മാസങ്ങളായി ശമ്പളം ലഭിക്കാത്തതോടെ ദുരിതത്തിലായ അധ്യാപകർക്ക്  ഇക്കുറി ഇല്ലായ്മയുടെ ഓണം. യാതൊരു പ്രതിഫലവുമില്ലാതെ രാവും പകലും ജോലി തിരക്കിലാണ് ദിവസവേതനാടിസ്ഥാനത്തിൽ സർവ്വീസിലുള്ള അധ്യാപകർ. കണ്ണൂർ ജില്ലയിൽ മാത്രം ഇത്തരത്തില്‍ 539 അധ്യാപകരാണ് സ്കൂളുകളിൽ ഇപ്പോൾ ഓൺലൈൻ ആയി ജോലി ചെയ്യുന്നത്. കേരളത്തിൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന 3000ത്തിലധികം അധ്യാപകരാണുളളത്.

സ്കൂള്‍ പ്രവൃത്തി ദിവസങ്ങളിൽ ഹാജർ പട്ടികയിൽ ഒപ്പ് വെക്കുന്ന ദിവസം കണക്കാക്കിയാണ് ഇത്തരക്കാർക്ക് വേതനം നൽകുന്നത്. വിദ്യാലയങ്ങൾ തുറക്കുന്നത് നീളുമ്പോഴും കഴിഞ്ഞ നിരവധി വർഷങ്ങളായി ജോലി ചെയ്യുന്ന ദിവസവേതനക്കാർ മുഴുപട്ടിണിയിലേക്കാണ് നീങ്ങുന്നത്.  ഈ വിഭാഗം അധ്യാപകർക്ക് എല്ലാ അധ്യയന വർഷവും ജൂൺ മുതൽ മാർച്ച് വരെ ദിവസ വേതനം മാത്രം വാങ്ങുന്നവരാണ്. എന്നാൽ ഒരു വിദ്യാലയത്തിൽ നടക്കേണ്ട എല്ലാ ദൈനംദിന പ്രവർത്തനങ്ങളും ദിവസ വേതനക്കാർ യാതൊരു പ്രതിഫലവും ഇല്ലാതെ ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

വിദ്യാലയങ്ങൾ ഔദ്യോഗികമായി തുറക്കാത്ത അവസ്ഥയിൽ ദിവസവേതനക്കാർക്ക് പട്ടികയിൽ ഒപ്പ് വെക്കാനും സാധിക്കുന്നില്ല. എന്നാൽ സ്കൂളുകളിലെ ഓൺ ലൈൻ പഠനം മുതൽ ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ അധ്യാപകരുടെ സാന്നിധ്യം ഉണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെപിഎസ്ടി.എയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും പൊതു വിദ്യാഭ്യാസ സെക്രട്ടറിക്കും നിവേദനം നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല.