മാസങ്ങളായി ശമ്പളമില്ല ; ബി.എസ്.എന്‍.എല്‍ താല്‍ക്കാലിക ജീവനക്കാർ ദുരിതത്തില്‍

കണ്ണൂർ : മാസങ്ങളായി ശമ്പളം ലഭിക്കാതെ ബി.എസ്.എൻ.എല്ലിലെ താൽക്കാലിക ജീവനക്കാരുടെ ജീവിതം ദുരിതത്തിൽ. 2019 ഓഗസ്റ്റ് മുതൽ 2020 ഫെബ്രുവരി വരെയുള്ള മാസങ്ങളിലെ ശമ്പളം ബി.എസ് എൻ.എല്ലിലെ താൽക്കാലിക ജീവനക്കാർക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഓണത്തിന് മുമ്പ് നല്‍കുമെന്ന് മാനേജ്‌മെന്‍റ് അറിയിച്ചുവെങ്കിലും പ്രഖ്യാപനം പാഴ്വാക്കായി.

ബി.എസ്.എൻ.എല്ലിൽ പെറ്റികോൺട്രാക്റ്റർ എന്ന പേരിൽ അറിയപ്പെടുന്ന താൽക്കാലിക ജീവനക്കാർക്കാണ് മാസങ്ങളായി ശമ്പളം ലഭിക്കാത്തത്. കണ്ണൂർ, കാസർഗോഡ്, മാഹി എന്നീ സ്ഥലങ്ങളിലുള്ള തൊഴിലാളികളാണ് ഇതിൽ ഭൂരിപക്ഷം പേരും.. കണ്ണൂർ എസ്.എസ്.എ യി ലുള്ള 227 ജീവനക്കാർ മാത്രമേ ബി.എസ്.എൻ.എല്ലിൽ നിന്ന് നേരിട്ട് ശമ്പളം വാങ്ങുന്നുള്ളൂ. 2019 ഓഗസ്റ്റ് മുതൽ 2020 ഫെബ്രുവരി വരെയുള്ള മാസങ്ങളിലെ ശമ്പളമാണ് താൽക്കാലിക ജീവനക്കാർക്ക് ഇതുവരെ കിട്ടാത്തത്.

2020 മാർച്ച് 2 മുതൽ ഈ തൊഴിലാളികൾക്ക് ജോലിയും നിഷേധിച്ചിരിക്കുകയാണ്. ബി.എസ്.എൻ.എല്ലിൽ 2020 ഫെബ്രുവരി വരെ ലേബർ കോൺട്രാക്റ്റ് സമ്പ്രദായത്തിലാണ് ജോലി നടത്തിവന്നിരുന്നത്. കരാറുകാരൻ തൊഴിലാളികളെ വിതരണം ചെയ്യുക എന്നതാണ് ഈ രീതി. എന്നാൽ ഇപ്പോൾ മാർച്ച് മുതൽ എല്ലാ വർക്കുകളും കോൺട്രാക്റ്റ് കൊടുത്തു. അതോടെ താൽക്കാലിക ജീവനക്കാർക്ക് തൊഴിൽ ഇല്ലാതായി. 10 വർഷത്തിലധികം ബി.എസ്.എൻ.എല്ലിൽ താൽക്കാലിക ജീവനക്കാരായി ജോലി ചെയ്തിരുന്നവർക്കാണ് ഇതോടെ തൊഴിൽ ഇല്ലാതായത്. ഓണത്തിന് മുമ്പ് ശമ്പള കുടിശിക തരുമെന്ന് മാനേജ്‌മെന്‍റ്‌ ജീവനക്കാരെ അറിയിച്ചുവെങ്കിലും ആ പ്രഖ്യാപനം പാഴ്വാക്കായി. ശമ്പളം നൽകാത്ത മാനേജ്മെന്‍റ് നിലപാടിൽ പ്രതിഷേധിച്ച് താൽക്കാലിക ജീവനക്കാർ കണ്ണൂർ ഓഫീസിന് മുന്നിൽ കഞ്ഞി വെച്ച് പട്ടിണിസമരം നടത്തി.

Comments (0)
Add Comment