കോഴിക്കോട്‌ വിമാനത്താവളം സ്വകാര്യവത്കരണം;  തത്കാലം തീരുമാനവുമായി മുന്നോട്ടുപോകില്ലെന്ന് എം.കെ രാഘവൻ എം.പിക്ക് മന്ത്രിയുടെ ഉറപ്പ്

Jaihind News Bureau
Wednesday, July 31, 2019

ന്യുഡൽഹി: കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ വത്കരിക്കുന്ന തീരുമാനവുമായി  തത്കാലം  മുന്നോട്ട് പോകില്ലെന്ന് എം.കെ രാഘവൻ എം.പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രി ഉറപ്പ് നൽകി. ഇന്നലെ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് സുരിയുമായ് നടത്തിയ കൂടികാഴ്ചയിലാണ്‌ എം.പിയെ ഇക്കാര്യം അറിയിച്ചത്. എം.കെ രാഘവനൊപ്പം രമ്യ ഹരിദാസ് എം.പിയും കൂടികാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യയിലെ ആറോളം എയർപ്പോർട്ടുകൾ സ്വകാര്യ വത്കരിക്കാൻ തീരുമാനിച്ച വിവരമറിയിക്കാൻ എയർപ്പോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ ചെയർമാൻ ഈയടുത്ത്‌ നടത്തിയ പത്രസമ്മേളനത്തിലാണ്‌ പ്രസ്തുത പാരാമർശമുണ്ടായതെന്ന്‌ എം.പി കൂടികാഴ്ചയിൽ സൂചിപ്പിച്ചു. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം എയർപ്പോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട്‌ അന്താരാഷ്ട്ര വിമാനത്താവളം 120 കോടി രൂപയോളം വാർഷിക ലാഭമുണ്ടായിരുന്ന  രാജ്യത്തെ ലാഭകരമായ വിമാനത്താവളങ്ങളിലൊന്നാണെന്ന്‌ എം.പി പറഞ്ഞു.