ശബരിമല പ്രക്ഷോഭ കേസുകളെക്കുറിച്ച് ചോദിച്ചാല്‍ മറുപടി ഇല്ല, ഉത്തരം തന്നേ പറ്റുവെന്ന് പ്രതിപക്ഷം, സ്പീക്കര്‍ക്ക് കത്ത് നല്കി

Jaihind News Bureau
Sunday, December 7, 2025

ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസുകളില്‍ എന്തു നടപടി എടുത്തു എന്ന നിയമസഭാ ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി എ.പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി എ പി അനില്‍കുമാര്‍ ആവശ്യപ്പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പുറത്തു വരുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് മറുപടി നല്‍കാത്ത തെന്നാണ് കരുതുന്നത്.

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 2018 മുതല്‍ നടന്ന പ്രക്ഷോഭങ്ങളില്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഏതാണ്ട് ആറായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളാക്കപ്പെട്ടവരുടെ എണ്ണം 12912. ശബരിമല പ്രക്ഷോഭക ര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലി ക്കുമെന്ന് 2021 ലെ നിയമസഭ തിരഞ്ഞെടുപ്പു കാലത്ത് ഇടത് മുന്നണിയും മുഖ്യമന്ത്രി യും വാഗ്ദാനം നല്‍കിയിരുന്നു.

പൊതുമുതല്‍ നശിപ്പിച്ചതും പൊലീസിനെ ആക്രമിച്ചതും ഉള്‍പ്പെടെ ഗുരുതരകുറ്റങ്ങള്‍ ചുമത്തിയാണ് സമരംചെയ്ത വിശ്വാസികള്‍ക്കും ഹിന്ദുസംഘടനാ നേതാക്കള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഈ വര്‍ഷം 20ന് പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തിന് മുമ്പായി കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ് എസും, എസ് എന്‍.ഡി പി യോഗവും പ്രതിപക്ഷ രാഷ്ട്രീയ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ കാര്യമായ ഒരു നീക്കവും നടത്തിയിട്ടില്ല.