ചണ്ഡീഗഢ്: ‘ഹർ ഘർ തിരംഗ’ ക്യാമ്പെയ്‌നിന്‍റെ ഭാഗമായി ബിജെപി ദരിദ്ര ജനവിഭാഗങ്ങളുടെ നിസഹായാവസ്ഥയെ ചൂഷണം ചെയ്യുന്നതായി പരാതി. പണം കൊടുത്ത് ദേശീയ പതാക വാങ്ങിയില്ലെങ്കില്‍ റേഷന്‍ വിഹിതം നല്‍കില്ലെന്ന് ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി വ്യാപക പരാതിയാണ് ഉയരുന്നത്. ഇതിനെതിരെ ബിജെപിയുടെ തന്നെ എംപിയായ വരുണ്‍ ഗാന്ധി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. റേഷന്‍ കാര്‍ഡ് ഉടമകള്‍ പരാതി പറയുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ച് ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് വരുണ്‍ ഗാന്ധി ബിജെപിക്കെതിരെ രംഗത്തെത്തിയത്.
“രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്നത് ദരിദ്രർക്ക് ഭാരമായി മാറുകയാണെങ്കിൽ അത് നിർഭാഗ്യകരമാണ്. ഓരോ ഇന്ത്യക്കാരന്‍റെയും ഹൃദയത്തിൽ കുടികൊള്ളുന്ന ത്രിവർണ പതാകയുടെ വില ഒരു നേരത്തെ അന്നത്തിനു വേണ്ടി പോലും ബുദ്ധിമുട്ടുന്നവന്‍റെ ഭക്ഷണ വിഹിതത്തിൽ നിന്ന് ഈടാക്കുന്നത് ലജ്ജാകരമാണ്” – വരുൺ ഗാന്ധി ട്വീറ്റ് ചെയ്‌തു.
ബിജെപി ഭരിക്കുന്ന ഹരിയാനയിലെ കർണാലിലാണ് ‘ഹർ ഘർ തിരംഗ’ ക്യാമ്പെയ്‌നിന്‍റെ ഭാഗമായി റേഷൻ കാർഡ് ഉടമകളെ ദേശീയ പതാക വാങ്ങാൻ നിർബന്ധിക്കുന്നതായി പരാതി ഉയര്‍ന്നത്. 20 രൂപ നൽകി ദേശീയപതാക വാങ്ങാൻ തയാറായില്ലെങ്കിൽ ധാന്യത്തിന്‍റെ വിഹിതം നിഷേധിക്കുന്നതായാണ് പരാതി.
ദേശീയപതാക വാങ്ങിയില്ലെങ്കിൽ റേഷൻ തരില്ലെന്ന് റേഷൻ കടയിലെ ജീവനക്കാരൻ പറഞ്ഞതായി ഒരാൾ പരാതിപ്പെടുന്നത് വീഡിയോയിലുണ്ട്. ഗത്യന്തരമില്ലാതെ 20 രൂപ നൽകി ദേശീയപതാക വാങ്ങുകയായിരുന്നു. അതേസമയം ദേശീയപതാക വാങ്ങാത്തവർക്ക് റേഷൻ നൽകേണ്ടതില്ലെന്ന് മുകളിൽ നിന്ന് തങ്ങൾക്ക് ഉത്തരവ് ഉണ്ടെന്ന് കടയിലെ ജീവനക്കാരൻ പറയുന്നതും കേള്‍ക്കാം.
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ ഹർ ഘർ തിരംഗ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്. ഹരിയാനയിലെ കർണാലിൽ നിന്നുള്ള പ്രാദേശിക ഓൺലൈൻ മാധ്യമമാണ് സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. പലപ്പോഴും പാര്‍ട്ടിക്കുള്ളിലെ വിമത സ്വരമായി നിലകൊള്ളുന്നയാളാണ് വരുണ്‍ ഗാന്ധി. ഇപ്പോള്‍ ഈ വിഷയത്തിലുയര്‍ത്തിയ രൂക്ഷ വിമര്‍ശനം ബിജെപിക്ക് കനത്ത ക്ഷീണമുണ്ടാക്കുന്നതായി.
आजादी की 75वीं वर्षगाँठ का उत्सव गरीबों पर ही बोझ बन जाए तो दुर्भाग्यपूर्ण होगा।
राशनकार्ड धारकों को या तिरंगा खरीदने पर मजबूर किया जा रहा है या उसके बदले उनके हिस्से का राशन काटा जा रहा है।
हर भारतीय के हृदय में बसने वाले तिरंगे की कीमत गरीब का निवाला छीन कर वसूलना शर्मनाक है। pic.twitter.com/pYKZCfGaCV
— Varun Gandhi (@varungandhi80) August 10, 2022