MSC ELSA| ‘മുങ്ങിയതിനു ശേഷം മലിനീകരണം ഉണ്ടായിട്ടില്ല; നഷ്ടപരിഹാരം നല്‍കില്ല’: കേരള സര്‍ക്കാരിന്റെ ആവശ്യം തള്ളി എം എസ് സി എല്‍സ കമ്പനി

Jaihind News Bureau
Saturday, August 9, 2025

കേരള സര്‍ക്കാരിന്റെ 9,531 കോടി രൂപയുടെ നഷ്ടപരിഹാര ആവശ്യം തള്ളി എം എസ് സി എല്‍സ കപ്പലിന്റെ ഉടമസ്ഥതയിലുള്ള കമ്പനി. ഈ വിഷയത്തില്‍ കേരള സര്‍ക്കാരിന് അധികാരപരിധിയില്ലെന്ന് കമ്പനി വാദിച്ചു. കേരള തീരത്ത് നിന്ന് ഏകദേശം 14.5 നോട്ടിക്കല്‍ മൈല്‍ അകലെ, അതായത് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിക്കും സംസ്ഥാനത്തിന്റെ തീരദേശ അധികാരപരിധിക്കും അപ്പുറത്താണ് കപ്പല്‍ മുങ്ങിയതെന്നും കമ്പനി ഹൈക്കോടതിയെ അറിയിച്ചു.

കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് സമുദ്ര മലിനീകരണം, പരിസ്ഥിതി നാശം, മത്സ്യബന്ധനത്തെ ബാധിച്ചു തുടങ്ങിയ വാദങ്ങള്‍ക്കൊന്നും തെളിവുകളില്ലെന്ന് കമ്പനി പറയുന്നു. അപകടകരമായ വസ്തുക്കളുള്ള 13 കണ്ടെയ്നറുകള്‍ മാത്രമാണ് കപ്പലിലുണ്ടായിരുന്നതെന്നും, അവയൊന്നും കടലില്‍ വീണിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിശകലന റിപ്പോര്‍ട്ടുകള്‍ സംഭവസ്ഥലത്തിനടുത്തുള്ള കടല്‍വെള്ളത്തിലോ വായുവിന്റെ ഗുണനിലവാരത്തിലോ കാര്യമായ മാറ്റങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി.

മത്സ്യബന്ധനം കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്ന് കമ്പനി പറയുന്നു. കേരളം ഏര്‍പ്പെടുത്തിയ മത്സ്യബന്ധന നിരോധനം സംബന്ധിച്ച ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്നും കമ്പനി വാദിച്ചു. ജൂലൈ 7-ന് ഹൈക്കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട, എംഎസ്സി എല്‍സയുടെ സഹോദര കപ്പലായ എംഎസ്സി അകികെറ്റ II വിട്ടുകിട്ടണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഉത്തരവാദികളായ കക്ഷികളെ നിയമനടപടികള്‍ക്ക് വിധേയമാക്കാനും നാശനഷ്ടങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാനും വേഗത്തിലുള്ള നിയമനടപടി ആവശ്യമാണെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. മെയ് 25-നാണ് ലൈബീരിയന്‍ പതാകയുള്ള കണ്ടെയ്‌നര്‍ കപ്പലായ എംഎസ്സി എല്‍സ 3 തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയത്.