ഗൂഡല്ലൂർ: വിവിധ ഭാഷകളും സംസ്‌കാരങ്ങളും കൂടിച്ചേരുമ്പോഴുണ്ടാകുന്ന മനോഹാരിതയാണ് രാജ്യത്തിന്‍റെ സൗന്ദര്യമെന്ന് രാഹുൽ ഗാന്ധി. വിവിധ ഭാഷകളും സംസ്കാരങ്ങളും എല്ലാം സമ്മേളിക്കുന്ന ആളുകള്‍ ഒന്നു ചേർന്നൊഴുകുന്ന ഒരു നദീപ്രവാഹമാണ് നമ്മുടെ രാജ്യം. രാജ്യത്തിന്‍റെ ഐക്യം തകർക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്‍റെയും ശ്രമമെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു. ഭാരത് ജോഡോ യാത്രയുടെ ഗൂഡല്ലൂരിലെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ബിജെപി അട്ടിമറിക്കുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം രാജ്യത്തെ ജനങ്ങൾ ദുരിതത്തിലായിരിക്കുന്നു. ബിജെപി വെറുപ്പും വിദ്വേഷവും രാജ്യത്ത് പടര്‍ത്തിയതിന്‍റെ അനന്തരഫലമാണ് ഇതെല്ലാം. നോട്ട് നിരോധനവും അതിസങ്കീർണ്ണമായ ജിഎസ്ടിയും ചെറുകിട വ്യവസായികളുടെ നട്ടെല്ലൊടിച്ചു. ഇതെല്ലാം മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത് വന്‍കിട വ്യവസായികളെ സഹായിക്കാന്‍ വേണ്ടിയാണ്. പെട്രോള്‍ വില വർധനവിലൂടെയും വിലക്കയറ്റത്തിലൂടെയും എല്ലാം സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിച്ച് തങ്ങളുടെ അടുപ്പക്കാരായ ചിലരുടെ പോക്കറ്റിലേക്ക് പണം എത്തിക്കുകയാണ് ബിജെപി ചെയ്യുന്നത്. ഈ മനോഹരമായ രാജ്യത്ത് വിദ്വേഷമോ വെറുപ്പോ പടർത്താന്‍ ഒരാളെയും അനുവദിക്കുകയില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.