ഒറ്റയാളും പ്രധാനമന്ത്രിയുടെ പേര് പറഞ്ഞില്ല; ചടങ്ങില്‍ നിന്ന് പരാതി പറഞ്ഞ് ഇറങ്ങിപ്പോയി ബിജെപി ഭാരവാഹികള്‍

Jaihind Webdesk
Tuesday, July 26, 2022

 

ചെന്നൈ: തമിഴ്നാട്ടിലെ മഹാബലിപുരത്ത് ആരംഭിക്കാനിരിക്കുന്ന 44-ാമത് ലോക ചെസ് ഒളിമ്പ്യാഡിന്‍റെ ദീപശിഖ ഏറ്റുവാങ്ങുന്ന ചടങ്ങിൽ നിന്ന് ബിജെപി ഭാരവാഹികൾ ഇറങ്ങിപ്പോയി. പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഒറ്റായാളും മിണ്ടിയില്ലെന്ന് പരാതി പറഞ്ഞായിരുന്നു ബിജെപി ഭാരവാഹികള്‍ ഇറങ്ങിപ്പോയത്.

ജൂലൈ 28 മുതല്‍ തമിഴ്‌നാട്ടിലെ മഹാബലിപുരത്താണ് ഫിഡെ (FIDE) ലോക ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 187 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 19 ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തത്.

സംഘാടകരോ ചടങ്ങിൽ പ്രസംഗിച്ച തമിഴ്നാട് മന്ത്രിമാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഒരിക്കൽ പോലും പരാമർശിച്ചില്ലെന്നതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് മുൻനിരയിൽ ഇരിക്കുകയായിരുന്ന ബിജെപി നേതാക്കൾ  ഇറങ്ങിപ്പോവുകയായിരുന്നു.