CPM| ‘തന്നെയാരും വിമര്‍ശിച്ചിട്ടില്ല’; എം.വി ഗോവിന്ദന്‍റെ ആര്‍എസ്എസ് ബന്ധ പരാമര്‍ശം പാര്‍ട്ടി സ്ഥിരീകരിക്കുകയാണോ?

Jaihind News Bureau
Friday, June 27, 2025

നിലമ്പൂര്‍ പരാജയത്തില്‍ സിപിഎമ്മിന് അകത്ത് പൊട്ടിത്തെറികളും പരസ്പരം പരിചാരലുകളും ശക്തമാണ്. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ പോരെടുത്തുവരെ സംസ്ഥാന സമതിയില്‍ വിമര്‍ശിച്ചിരുന്നു. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്, അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രിയും അന്ത്യ ശാസന നല്‍കി. എന്നാല്‍, നേതൃ യോഗത്തില്‍ തനിക്കെതിരെ ആരും ഒന്നും പറഞ്ഞില്ലെന്നാണ് ഗോവിന്ദന്റെ വിശദീകരണം. അങ്ങനെയെങ്കില്‍ സിപിഎം-ആര്‍എസ്എസ് ബന്ധം പാര്‍ട്ടി സ്ഥിരീകരിക്കുകയാണെന്ന് ജനങ്ങള്‍ തിരുത്തി വായിക്കേണ്ടി വരും.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് തലേ ദിവസമാണ് സിപിഎം-ആര്‍എസ്എസ് ബന്ധം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുറന്നു പറയുന്നത്. ഭരണവിരുദ്ധവികാരം കൊണ്ട് എല്‍ഡിഎഫിന് വോട്ട് നഷ്ടമായില്ല എന്നാണ് ഇന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇതോടെ, എംവി ഗോവിന്ദന്‍ ആര്‍എസ്എസ് ബന്ധം തുറന്ന് പറഞ്ഞതില്‍ സിപിഎമ്മിനും നേതാക്കള്‍ക്കും യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് തെളിയുകയാണ് ഒപ്പം എംവി ഗോവിന്ദന്റെ ഏറ്റുപറച്ചില്‍ സിപിഎം ഔദ്യോഗികമായി അംഗീകരിക്കുക കൂടിയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദനെ ചില അംഗങ്ങള്‍ വിമര്‍ശിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഇന്ന് അത് പൂര്‍ണമായും നിഷേധിക്കുകയാണ് ഗോവിന്ദന്‍. ഇതിലൂടെ ഒന്നുറപ്പാണ്, സിപിഎം ആര്‍എസ്എസ് ബന്ധം സംസ്ഥാന സമിതി തന്നെ സ്ഥിരീകരിക്കുകയാണ്. ഭരണവിരുദ്ധ വികാരം ഉയര്‍ന്നിട്ടില്ല എന്നും ഭരണവിരുദ്ധ വികാരം കൊണ്ട് ഒരു വോട്ട് പോലും യുഡിഎഫിന് ലഭിച്ചിട്ടില്ല എന്നുമാണ് എം വി ഗോവിന്ദന്റെ മറ്റൊരു വാദം.

സിപിഎമ്മിന്റെ വോട്ടുകള്‍ പി.വി അന്‍വര്‍ പിടിച്ചു എന്ന തുറന്നു പറച്ചിലും എം വി ഗോവിന്ദന്‍ നടത്തുന്നുണ്ട്. സിപിഎം സംസ്ഥാന സമിതി യോഗം അവസാനിക്കുമ്പോള്‍ നിലപാട് മാറ്റത്തില്‍ വട്ടംചുറ്റുകയാണ് സിപിഎം. ആര്‍എസ്എസുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന എംവി ഗോവിന്ദന്റെ തുറന്നുപറച്ചില്‍ നേതാക്കള്‍ തന്നെ സമ്മതിക്കുന്നതായി മാറുകയാണ്.. ശക്തമായി ഭരണവിരുദ്ധവികാരത്തില്‍ നട്ടം തിരിയുന്ന സര്‍ക്കാരിനെ വീണ്ടും ന്യായീകരിക്കാനും സിപിഎം നേതൃത്വം ശ്രമിക്കുകയും ചെയ്യുന്നു.