
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. സ്ത്രീലമ്പടന്‍മാരെ സിപിഎം ആദ്യം നിലയ്ക്ക് നിര്‍ത്തട്ടെയെന്നും പീഡന പരാതി രണ്ടാഴ്ച കയ്യില്‍ വച്ചയാളാണ് ഈ പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി ‘എന്‍ പിള്ള’ നയമെടുക്കുകയാണ്. പാര്‍ട്ടിക്കാരുടെ പരാതി അലമാരയില്‍വച്ച് പൂട്ടും. പിണറായിക്ക് ഇരട്ടത്താപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാന്‍ തിരഞ്ഞെടുപ്പ് ദിനത്തെ ആയുധമാക്കി കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസില്‍ സ്ത്രീലമ്പടന്മാരുടെ ചെയ്തികളാണെന്നും ലൈംഗികകുറ്റവാളികള്‍ പറയുന്നത് ജനം കേള്‍ക്കില്ലെന്നുമായിരുന്നു പ്രതികരണം. ഇതിനെതിരെയാണ് രമേശ് ചെന്നിത്തല ശക്തമായി പ്രതികരിച്ചത്.
ശബരിമലയിലെ സ്വര്‍ണം കട്ട കൊള്ളക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ സാരോപദേശം വേണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തെ ഏറ്റവും വലിയ കളവ് നടത്തിയിട്ടും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം നേതാക്കളാണെന്ന് തിരിച്ചറിഞ്ഞിട്ടും അച്ചടക്ക നടപടിക്കു പോലും മുതിരാത്ത സര്‍ക്കാരാണ് ഇപ്പോള്‍ വീരവാദം ഉന്നയിക്കുന്നത്. എന്തൊക്കെ പറഞ്ഞ് വിഷയം വഴിതിരിച്ചു വിടാന്‍ ശ്രമിച്ചാലും ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനെതിരെ വിധിയെഴുതും.