വയനാട്: അകാലത്തില്‍ യാത്രയായ പ്രതിശ്രുത വരന്‍ ജെന്‍സണ് അന്ത്യചുംബനം നല്കി ശ്രുതി. മൃതദേഹം ആശുപത്രിയിലെത്തിച്ചാണ് ശ്രുതിയെ കാണിച്ചത്. 15 മിനിറ്റോളമാണ് ആശുപത്രിയില്‍ മൃതദേഹം ദര്‍ശനത്തിന് വച്ചത്. ഉറ്റവര്‍ക്കു പിന്നാലെ ഏകതുണയായിരുന്ന ജെന്‍സണെയും നഷ്ടമായ ശ്രുതിയെ ആശ്വസിപ്പിക്കാന്‍ ചുറ്റുമുണ്ടായിരുന്നവര്‍ നന്നേ വിഷമിച്ചു.
നേരത്തെ പള്ളിയില്‍ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ശ്രുതിയുടെ അവസ്ഥ മോശമായതിനാല്‍ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു.തുടര്‍ന്ന് അമ്പലവയല്‍ ആണ്ടൂരിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. നൂറുകണക്കിനാളുകളാണ് ജെന്‍സനെ അവസാനമായൊന്ന് കാണാന്‍ വീട്ടിലേക്കെത്തിയത്. ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലായിരുന്നു സംസ്‌കാരം.
കല്‍പറ്റയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ജെന്‍സണ്‍ ചൊവ്വാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒമ്പത് ഉറ്റബന്ധുക്കളെ നഷ്ടമായ ശ്രുതിക്ക് തണലായി നിന്നത് ജെന്‍സണായിരുന്നു. അടുത്ത മാസം ഇവരുടെ വിവാഹം നടക്കാനിരിക്കേയാണ് ജെന്‍സണെ മരണം കവര്‍ന്നത്.