തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ഇനി പുതിയ ക്രമീകരണം. പരമ്പരാഗത രീതിയെ പിന്തുടര്‍ന്ന് ഇരിപ്പിടങ്ങള്‍ മാറ്റിയാണ് പുതിയ പരിഷ്‌കാരം. അര്‍ദ്ധവൃത്താകൃതിയിലാകും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച് കുട്ടികളെ ഇരുത്തുക. ഇതോടെ ബാക്ക്‌ബെഞ്ചേഴ്‌സ് എന്ന രീതി ഇല്ലാതാവുകയാണ്. അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘സ്ഥാനാര്‍ത്ഥി ശ്രീകുട്ടന്‍’ എന്ന മലയാള സിനിമയിലെ സ്‌കൂള്‍ രംഗങ്ങളാണ് പരിഷ്‌കാരത്തിന് പ്രചോദനമായതെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയ്ക്ക ഇടയാക്കിയ ഒന്നായിരുന്നു ഈ സിനിമ.
പൊതുവെ ബാക്ക് ബെഞ്ചേഴ്‌സ് എന്ന വേര്‍തിരിവ് പലയിടങ്ങളിലും കാണുന്നതാണ്. പഠനത്തില്‍ ഉഴപ്പരും വികൃതി കൂടുതല്‍ ഉള്ളവര്‍ എന്നുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഏറ്റവും മുന്നിലിരിക്കുന്ന കുട്ടിയെ പഠിപ്പിയായി കണ്ട് പ്രത്യേക വാത്സല്യം നല്‍കുന്ന ടീച്ചേഴ്‌സിനെയും കണ്ടിട്ടുണ്ട്. കുട്ടികളില്‍ ഒരു വേര്‍തിരിവാണ് ഇരിപ്പിടങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിന് ഒരു മാറ്റം വരുത്താനുള്ള ശ്രമം കൂടിയാണ് പുതിയ രീതി.