സ്വർണപ്പണയത്തിന്മേൽ ഇനി കൃഷിവായ്പ ഇല്ല… ബാങ്കുകൾക്കു കേന്ദ്രം നിർദേശം നല്‍കി

Jaihind News Bureau
Saturday, August 3, 2019

2019 ഒക്ടോബർ ഒന്നു മുതൽ സ്വർണപ്പണയത്തിന്മേൽ കൃഷിവായ്പ നൽകേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ ബാങ്കുകൾക്കു നിർദേശം നൽകി. അനർഹർ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും നൽകിയ കത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണു നടപടി.

സ്വർണപ്പണയത്തിന്മേൽ 4% വാർഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്ന കാർഷിക വായ്പയുടെ കടയ്ക്കലാണു കേന്ദ്രം കത്തിവച്ചത്. പൊതുമേഖലാ ബാങ്ക് മേധാവികളുമായി ജൂലൈ 31ന് നടത്തിയ വിഡിയോ കോൺഫറൻസിലാണു കേന്ദ്ര കൃഷിമന്ത്രാലയം തീരുമാനം അറിയിച്ചത്. കാർഷിക വായ്പയ്ക്കുള്ള മൊറട്ടോറിയം സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അനർഹർക്ക് ഈ വായ്പ നൽകരുതെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ കേന്ദ്ര കൃഷി വകുപ്പിനും റിസർവ്വ് ബാങ്ക് ഗവർണർക്കും കത്ത് നൽകിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് നടപടി. ഇതു വരെ 80,803 കോടി രൂപ കാർഷിക വായ്പയായി നൽകിയതിൽ മുക്കാൽ പങ്കും കിട്ടിയത് കൃഷിക്കാർക്കല്ലെന്നാണു സംസ്ഥാന സർക്കാർ നിഗമനം. കൃഷിക്കാരാണെന്ന് ഉറപ്പാക്കാൻ കിസാൻ ക്രെഡിറ്റ് കാർഡ് വഴി മാത്രം വായ്പ നൽകണമെന്നതു സംസ്ഥാന സർക്കാരിന്‍റെ മുഖ്യ ആവശ്യമായിരുന്നു. കൃഷി ഓഫീസറുടെ സാക്ഷ്യപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലേ വായ്പ നൽകാവൂ എന്നാണു സംസ്ഥാനത്തിന്റെ നിലപാട്. കൃഷി വായ്പ അനർഹരിലേക്ക് എത്തുന്നുണ്ടോ എന്നു കണ്ടെത്താൻ കേരള സർക്കാരിന്റെ കത്തിനെത്തുടർന്ന് ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കൃഷി വകുപ്പ് നിയോഗിച്ചിരുന്നു. കേന്ദ്ര കൃഷി മന്ത്രാലയം, സംസ്ഥാന കൃഷിവകുപ്പ്, ആർബിഐ, നബാർഡ്, എസ്എൽബിസി എന്നിവയുടെ പ്രതിനിധികളാണു സംഘത്തിലുണ്ടായിരുന്നത്. തുടർന്ന് സബ്സിഡിയോടുള്ള കൃഷിവായ്പ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ഉള്ളവർക്കു മാത്രമാക്കണമെന്നും എല്ലാ കെസിസി അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നും കേന്ദ്രം ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ആധാറില്ലാത്തവർക്ക് ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തിൽ സബ്സിഡി നൽകില്ല. ഇതുവരെ വായ്പ ലഭിക്കാത്ത എല്ലാ കെസിസി അംഗങ്ങൾക്കും വായ്പ ലഭ്യമാക്കണമെന്നും അപേക്ഷകളിൽ 14 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിർത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ രണ്ടു ദിവസത്തിനകം അറിയിക്കാനാണു ബാങ്കുകൾക്കു കിട്ടിയ നിർദേശം. ബാങ്കുകൾ എല്ലാ ശാഖകളിലേക്കു ഇതു സംബന്ധിച്ച് സർക്കുലർ നൽകി. ഇനി സ്വർണപ്പണയ കൃഷിവായ്പ നൽകരുതെന്നും എത്രയും വേഗം തീരുമാനം അറിയിക്കണമെന്നും ശാഖകൾക്കുള്ള നിർദേശത്തിൽ ബാങ്ക് മേധാവികൾ വ്യക്തമാക്കി.