തിരുവനന്തപുരം: ദിവസം ചെല്ലുന്തോറും ജനങ്ങള്‍ക്ക് എങ്ങനെ പണി കൊടുക്കാം എന്ന ആലോചനയിലാണ് കേരള സര്‍ക്കാര്‍. ആവശ്യ സാധനങ്ങള്‍ ലഭിക്കാതെ ഇരിക്കുകയും ആവശ്യമില്ലാത്തതിന് പ്രാധാന്യം കൊടുക്കുകയുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. അതിന് എറ്റവും വലിയ ഉദാഹരണമാണ് ദളിത് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ചത്. ഇതിനു പുറമെ ലൈഫ് മിഷന്‍ പദ്ധതി വഴി ന്യൂനപക്ഷ വിഭാഗത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്ന കാര്യങ്ങളിലും തുക വെട്ടിക്കുറച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ന്യൂനപക്ഷ,പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ധനസഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പദ്ധതികള്‍ക്ക് ഏതാണ്ട് 60 ശതമാനമാണ് തുക കുറച്ചിരിക്കുന്നത്. ഇത്രയും അവഗണനയും നീചത്വവും ന്യുനപക്ഷ വിഭാഗത്തോട് കാട്ടിയിട്ടും ഭരണപക്ഷ ഘടക കക്ഷികളോ, വിദ്യാര്‍ത്ഥി സംഘടനകളോ ഒരക്ഷരം മിണ്ടിയിട്ടില്ല.
എലപ്പുള്ളി മദ്യനിര്‍മ്മാണ പ്ലാന്‍റിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പാര്‍ട്ടിയില്‍ ഭിന്നത ചൂണ്ടിക്കാട്ടിയ സിപിഐയുടെ ഊര്‍ജം പാവങ്ങളുടെ കാര്യത്തില്‍ കാണുന്നില്ല. ദളിത് വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ചതും ലൈഫ് മിഷന്‍ പദ്ധതിയുടെ തുകയുടെ ശതമാനം വെട്ടിക്കുറച്ചതും ഘടക കക്ഷികള്‍ക്ക് ശരിയായ നടപടിയായിട്ടാണോ തോന്നിയത്? സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ന്യൂനപക്ഷ വിഭാഗത്തിന്റെ ആനുകൂല്യം വെട്ടിച്ചുരുക്കുന്ന നടപടി ഉണ്ടാകുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞുള്ള ഈ പ്രവര്‍ത്തിക്ക് ബദലായി മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ആഡംബര ജീവിതം നയിക്കാന്‍ ഖജനാവില്‍ നിറയെ കാശുണ്ട് എന്ന വസ്തുതയും ഓര്‍ക്കണം. ഒരു കൊല്ലമായി പറക്കാതെ കിടക്കുന്ന ഹെലിക്കോപ്റ്ററിന് വാടകയിനത്തില്‍ 7 കോടി 20 ലക്ഷം സര്‍ക്കാര്‍ നല്‍കിയതും ഈ ആഡംബരത്തില്‍ പെടും. പാര്‍ട്ടി നേതാക്കള്‍ക്കു പോലും സുഖസൗകര്യങ്ങള്‍ക്കു വേണ്ടി ഖജനാവില്‍ കാശുണ്ട്.
വിദേശ രാജ്യങ്ങളിലേതു പോലെ കേരളത്തിന്‍റെ വിദ്യാഭ്യാസ രീതിയും ഉയര്‍ത്തിക്കൊണ്ടു വരാനുള്ള മാര്‍ഗങ്ങള്‍ക്കാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറയുകയുണ്ടായി. എന്നാല്‍ അതേ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാനും കാരണക്കാരാവുകയാണ്. ഇതിനെല്ലാം നേരെയാണ് സിപിഐ കണ്ണടച്ച് മൗനം പാലിക്കുന്നത്.