‘രാജ്യത്ത് മോദി തരംഗമില്ല, അധ്വാനിച്ചാല്‍ മാത്രമേ ജയിക്കാന്‍ കഴിയൂ’; ബിജെപി സ്ഥാനാർത്ഥി നവനീത് റാണ

Jaihind Webdesk
Thursday, April 18, 2024

 

മുംബൈ: തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്നും നന്നായി അധ്വാനിച്ചാൽ മാത്രമേ വിജയിക്കാനാവൂ എന്നും അമരാവതിയിലെ ബിജെപി സ്ഥാനാർത്ഥി നടി നവനീത് റാണ. ബിജെപി റാണയുടെ പ്രസ്താവന ഏറ്റെടുത്ത് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.  നവനീത് പറയുന്നതു സത്യമാണെന്നും തങ്ങളും ഇതുതന്നെയാണ്  പറയുന്നതെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാട്ടി.

“ഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെ നമുക്ക് ഈ തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഉച്ചയ്ക്ക് 12 മണിയോടെ എല്ലാ വോട്ടർമാരെയും ബൂത്തിലെത്തിച്ച് വോട്ട് ചെയ്യാൻ പറയേണ്ടിവരും. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ നിൽക്കരുത്” – ബിജെപി സ്ഥാനാർത്ഥി നവനീത് റാണ പറഞ്ഞു.

തിങ്കളാഴ്ച താന്‍ മത്സരിക്കുന്ന അമരാവതി മണ്ഡലത്തിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു നവനീത് റാണയുടെ പ്രസ്താവന. യോഗത്തിൽ മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ലെങ്കിലും വീഡിയോ പുറത്തായി. 2019-ൽ അവിഭക്ത എൻസിപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി അമരാവതി സീറ്റിൽ വിജയിച്ച റാണ പിന്നീട് ബിജെപിക്കൊപ്പം ചേരുകയായിരുന്നു.

റാണയുടെ പ്രസ്താവന വസ്തുതയാണെന്ന് എൻസിപി വക്താവ് മഹേഷ് തപസെ പ്രതികരിച്ചു. “റാണ പറഞ്ഞത് വസ്തുത മാത്രമാണ്. അത് അവർക്കും ബിജെപി എംപിമാർക്കും അറിയാം. മോദി തരംഗം ഇല്ലെന്ന് ബിജെപിക്ക് തന്നെ അറിയാം. ബിജെപി അണികളിൽ പരിഭ്രാന്തി നിലനിൽക്കുന്നു. അതിനാലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെ നേരിടണമെന്ന ആഹ്വാനം” – തപസെ പറഞ്ഞു. മോദിക്ക് തന്‍റെ സീറ്റ് നേടാനാകുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യമെന്നായിരുന്നു ശിവസേന വക്താവ് സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.