ഇന്ത്യയില്‍ നിര്‍മ്മാണം വേണ്ട; അവരുടെ കാര്യം അവര്‍ നോക്കട്ടെ: ആപ്പിള്‍ സിഇഒയോട് ട്രംപ്

Jaihind News Bureau
Thursday, May 15, 2025

ഇന്ത്യയില്‍ ആപ്പിളിന്റെ ഉത്പാദനം വികസിപ്പിക്കരുതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പകരം ആപ്പിള്‍ യുഎസ് വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ദോഹയില്‍ നടന്ന ഒരു ബിസിനസ് പരിപാടിയിലായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇന്ത്യയുടെ കാര്യം അവര്‍ സ്വയം നോക്കിക്കോളുമെന്നായിരുന്നു ട്രംപിന്റെ വാദം. ടിം കുക്കുമായി തനിക്ക് ഒരു ‘ചെറിയ പ്രശ്‌നമുണ്ട്’ എന്ന് ട്രംപ് പറഞ്ഞു. ‘എന്റെ സുഹൃത്തേ, ഞാന്‍ നിങ്ങളോട് വളരെ നല്ല രീതിയില്‍ പെരുമാറുന്നു. നിങ്ങള്‍ 500 ബില്യണ്‍ ഡോളറുമായി വരുന്നു, പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇന്ത്യയിലുടനീളം നിര്‍മ്മാണം നടത്തുന്നുണ്ടെന്ന് ഞാന്‍ കേട്ടു. നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണം നടത്തുന്നതിനോട് എനിക്ക് താല്‍പ്പര്യമില്ല. ഇന്ത്യയെ പരിപാലിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മാണം നടത്താം, കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് രാജ്യങ്ങളിലൊന്നാണ്, അതിനാല്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്,’ട്രംപ് പറഞ്ഞു.

ന്യൂഡല്‍ഹി വാഷിംഗ്ടണ്‍ ഡിസിക്ക് ഒരു കരാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യുഎസ് സാധനങ്ങള്‍ക്ക് തീരുവ ഈടാക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇന്ത്യ ഇതുവരെ അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. കൂടാതെ ഐഫോണുകളും മാക്ബുക്കുകളും ആപ്പിള്‍ യുഎസില്‍ ഉത്പാദനം വികസിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാന്‍ ഐഫോണ്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലെ ഉത്പാദനം വിപുലീകരിക്കാനും ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റാനും പദ്ധതിയിടുന്ന നിര്‍ണായക സമയത്താണ് ട്രംപിന്റെ മുന്നറിയിപ്പ്. ഈ വര്‍ഷം യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത് ഇന്ത്യയിലായിരിക്കുമെന്ന് ടിം കുക്ക് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ആപ്പിളിന് നിലവില്‍ ഇന്ത്യയില്‍ മൂന്ന് പ്ലാന്റുകളുണ്ട്. രണ്ടെണ്ണംതമിഴ്നാട്ടിലും ഒന്ന് കര്‍ണാടകയിലുമാണ്. ഇവയില്‍ ഒന്ന് ഫോക്സ്‌കോണും മറ്റ് രണ്ടെണ്ണം ടാറ്റ ഗ്രൂപ്പുമാണ് നടത്തുന്നത്. രണ്ട് ആപ്പിള്‍ പ്ലാന്റുകള്‍ കൂടി ചര്‍ച്ചയിലാണ്.