മഞ്ചക്കണ്ടിയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ജുഡീഷ്യൽ അന്വേഷണം പരിഗണനയിൽ ഇല്ല

Jaihind News Bureau
Monday, November 18, 2019

Kerala-Niyama-sabha

മഞ്ചക്കണ്ടിയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ജുഡീഷ്യൽ അന്വേഷണം പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി. മാവോയിസ്റ്റുകളാണ് ആദ്യം വെടി വച്ചത്. പ്രാണൻ രക്ഷാർത്ഥമാണ് പോലീസ് തിരികെ വെടി വച്ചതെന്ന വാദം മുഖ്യന്ത്രി സഭയിൽ ആവർത്തിച്ചു. കോഴിക്കോട് രണ്ട് പേർക്കെതിരെ യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകളോടെ ആണെന്നും മുഖ്യന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

പൊലീസ് സ്വയം രക്ഷാർത്ഥമാണ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്നാണ് ആദ്യം മുതൽ തന്നെ മുഖ്യമന്ത്രിയുടെ വാദം. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വണത്തിന് മാവോയിസ്റ്റുകൾ തടസ്സം വരുത്തിയതാണ് മാവോയിസ്റ്റ് വേട്ടയ്ക്ക് കാരണമായി മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പൊലീസ് നടപടിയിൽ വീഴ്ച ഉണ്ടായോ എന്ന കാര്യം പരിശോധിച്ച് വരുന്നതേയുള്ളുവെന്നും മുഖ്യമന്ത്രി സഭയെ രേഖാ മൂലം അറിയിച്ചു. ജനാധിപത്യ സംവിധാനങ്ങളെ തകർത്ത് കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം.

അപ്രായോഗികമായ പ്രത്യശാസ്ത്ര നിലപാടാണ് അവരുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പരിഗണനയിൽ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്കെതിരെ യു എ പി എ ചുമത്തിയതുൾപ്പെടെ നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്ത നിലപാടിനെതിരെ പോളിറ്റ് ബ്യൂറോ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് സംബസിച്ച് മാധ്യമങ്ങളിൽ തെറ്റായ വാർത്തയാണ് വന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

രണ്ട് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തുന്നതിന് പര്യാപ്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വി എസ് ശിവകുമാർ, ടി ജെ വിനോദ് എന്നിവരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.