‘ഉടൻ നടപടിയില്ല, അന്വേഷണം തീരട്ടെ’; എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി

Jaihind Webdesk
Wednesday, September 11, 2024

 

തിരുവനന്തപുരം: കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഘടകകക്ഷികള്‍ എൽഡിഎഫ് യോഗത്തിൽ അതിശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ഉടനെ നടപടി വേണ്ടെന്നാ‌യിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. അന്വേഷണം തീരുംവരെ നടപടി വേണ്ടെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി എഡിജിപിയെ പ്രതിരോധിച്ചത്. എഡിജിപിയെ മാറ്റാന്‍ നടപടിക്രമങ്ങള്‍ ഉണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് ചര്‍ച്ച ചെയ്യണമെന്ന് ആര്‍ജെഡി എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടതായി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് യോഗത്തിനുശേഷം പ്രതികരിച്ചു. എഡിജിപി എം. ആർ. അജിത് കുമാറിനെ മാറ്റുന്നത് മന്ത്രിസഭാ യോഗത്തിലും ഇന്ന് ചർച്ചയായിരുന്നില്ല.

 

.