ഒരു ശക്തിക്കും എന്നെ തടയാനാവില്ല, പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടിരിക്കുമെന്ന് രാഹുല്‍ ഗാന്ധി ; ഹാത്രസില്‍ കനത്ത പൊലീസ് വിന്യാസം

Jaihind News Bureau
Saturday, October 3, 2020

 

ലക്നൗ : ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാർ എത്തുന്നതിന് മുന്നോടിയായി പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഒരുക്കി യു.പി സര്‍ക്കാര്‍.ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം എത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ഹാത്രസ് സന്ദർശനത്തില്‍ നിന്നും തന്നെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും സാധിക്കില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹാത്രസിലെ പെണ്‍കുട്ടിയോടും കുടുംബത്തോടും യു.പി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സഹിക്കാന്‍ കഴിയുന്നതല്ല. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനുംഇത് സഹിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഹാത്രസിലെ ബുള്‍ഗാര്‍ഹി ഗ്രാമത്തിന് പുറത്തായാണ് പൊലീസുകാരെ വിന്യസിച്ചിരിക്കുന്നത്.

നേരത്തെ ഹാത്രസ് സന്ദർശനത്തിനെത്തിയ രാഹുല്‍ ഹാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും യു.പി പൊലീസ് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. യു.പി സർക്കാർ പെണ്‍കുട്ടിയോടും കുടുംബത്തോടും ചെയ്തത് വലിയ തെറ്റാണെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചിരുന്നു. അവളുടെ ശരീരം കുടുംബത്തിന്‍റെ അനുമതി പോലുമില്ലാതെ കത്തിച്ചുകളഞ്ഞു. അവരെ ഇപ്പോള്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്. വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് ആ കുടുംബം കടന്നുപോന്നത്. രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുന്ന നടപടിയല്ല  ഇതെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു.