മരടിലെ ഫ്ലാറ്റ് : പാരിസ്ഥിതിക പഠനം വേണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി; താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കില്ല

Jaihind News Bureau
Wednesday, September 18, 2019

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പ് പാരിസ്ഥിതിക പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. അതേസമയം, മരടിലെ ഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കേണ്ടെന്ന് നഗരസഭ തീരുമാനിച്ചു.

മരടില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്ന അഭിലാഷ് എംജി എന്നയാളായിരുന്നു സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. കായലുകള്‍ക്കു സമീപമാണ് ഈ ഫ്ലാറ്റുകള്‍ സ്ഥിതി ചെയ്യുന്നതെന്നും ഇവ പൊളിക്കുമ്പോഴുള്ള മാലിന്യം എന്തു ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ലെന്നും മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വിധത്തിലാകുമോ എന്നും പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും വിദഗ്‍ധ ഏജന്‍സിയെക്കൊണ്ട് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

ഫ്ലാറ്റ് പൊളിക്കുന്നതുമൂലം പരിസ്ഥിതിക്ക് ഏതെങ്കിലും കോട്ടം വരികയാണെങ്കില്‍ അതു പരിഹരിക്കാനുള്ള ചെലവ് ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും കക്ഷി ചേര്‍ത്തായിരുന്നു ഹര്‍ജി. മന്ത്രാലയത്തിന്‍റെ അഭിപ്രായം കൂടി കേട്ടശേഷമേ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തില്‍ എത്താവൂ എന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം,മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് ഉടന്‍ കടക്കേണ്ടതില്ലെന്ന് നഗരസഭാ തീരുമാനിച്ചു സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് മുന്നോട്ട് പോയാൽ മതിയെന്നും പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് സര്‍ക്കാരാണെന്നും നരസഭ നിലപാടെടുത്തു.
ഫ്ലാറ്റ് വിഷയത്തിൽ സർക്കാർ എടുക്കുന്ന തീരുമാനം നടപ്പിലാക്കിയാൽ മതിയെന്ന നിലപാടിലാണ് ഇപ്പോൾ നഗരസഭ.
ജയ്ഹിന്ദ് ന്യൂസ് കൊച്ചി.