ചടയമംഗലം ഉൾപ്പെടെയുള്ള സീറ്റുകളിൽ തർക്കം തുടരുന്ന സാഹചര്യത്തിൽ സി.പി.ഐ സംസ്ഥാന സെന്‍റർ ഇന്ന് കൊല്ലത്ത് ചേർന്നെങ്കിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുവാനായില്ല. സി.പി.ഐ മത്സരിക്കുന്ന ബാക്കി നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുവാനാണ് യോഗം ചേർന്നത്.
തർക്കം രൂക്ഷമായ ചടയമംഗലത്ത് നിന്നുള്ള സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ചടയമംഗത്ത് ചിഞ്ചു റാണിയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ സമവായമുണ്ടായില്ല. ചിഞ്ചു റാണിയെ ചടയമംഗലത്ത് സ്ഥാനാർത്ഥിയാക്കിയതിനെതിരെ സിപിഐയിലെ ചേരിപ്പോര് തെരുവിൽ അലയടിച്ചിരുന്നു.
നാല് സീറ്റിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ തിരുവനന്തപുരത്ത് ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിന് ശേഷം അറിയിച്ചു. ചടയമംഗലത്തെ പ്രതിഷേധം ബന്ധപ്പെട്ട സമിതികൾ പരിശോധിക്കുമെന്നും കാനം പറഞ്ഞു. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നീ നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച തീരുമാനമാണ് ഇനിയുണ്ടാകാനുള്ളത്.