ടിപി വധക്കേസില്‍ വധശിക്ഷയില്ല; കൊടി സുനി ഉള്‍പ്പെടെയുള്ളവരുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കി ഉയർത്തി

Jaihind Webdesk
Tuesday, February 27, 2024

 

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. കേസിലെ ആറു പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമായി ഹൈക്കോടതി ഉയർത്തി. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ കെ.കെ. കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. ടി.പിയുടെ ഭാര്യ കെ.കെ.രമയ്ക്ക് 7 ലക്ഷം രൂപയും മകന് 5 ലക്ഷം രൂപയും നല്‍കണമെന്നും കോടതി വിധിച്ചു.

നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന 1, 2, 3, 4, 5, 7 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, കെ.കെ. മുഹമ്മദ് ഷാഫി, കെ. ഷിനോജ് എന്നിവർക്കാണ് ശിക്ഷ ഇരട്ടജീവപര്യന്തമാക്കി ഉയർത്തിയത്. ഈ പ്രതികള്‍ക്ക് 20 വര്‍ഷം കൂടാതെ പരോളോ ശിക്ഷയിളവോ ഉണ്ടാവില്ല. ഇവരുള്‍പ്പെടെ 9 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ്. കെ.സി. രാമചന്ദ്രൻ, കെ.കെ. കൃഷ്ണൻ, ട്രൗസർ മനോജ്, ജ്യോതി ബാബു, വാഴപ്പടച്ചി റഫീഖ്, ലംബു പ്രദീപൻ എന്നിവരാണ് യഥാക്രമം 6, 8, 10, 11, 12, 18, 31 പ്രതികൾ. 13–ാം പ്രതിയും സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന പി.കെ. കുഞ്ഞനന്തൻ ജയിലിൽ ആയിരിക്കെ 2020-ൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വെറുതെ വിട്ടിരുന്നു. കെ.കെ. കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കിയാണു ശിക്ഷ വിധിച്ചത്.

പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ അപൂർവങ്ങളിൽ അപൂർവമായ കേസായി കാണാൻ കഴിയില്ലെന്നാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വാദിച്ചത്. സംസ്ഥാനത്ത് നേരത്തെയും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട് എന്ന് യുവമോർച്ച നേതാവായ കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ കൊലപാതകമുൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു. ഇതെല്ലാം നിഷ്ഠൂരമായി നടന്നിട്ടുള്ള കൊലപാതകങ്ങളാണ്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതികൾ കണക്കാക്കിയിട്ടില്ല എന്ന് പ്രതിഭാഗം പറഞ്ഞു. പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാഹചര്യം ഉണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി ചോദിച്ചിരുന്നു. ടിപി വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദത്തിനിടെ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

പ്രതികൾക്ക് ശിക്ഷ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഈ ആവശ്യം എന്തിന്‍റെ അടിസ്ഥാനത്തിലെന്ന് കോടതി ആരാഞ്ഞു. പ്രതികൾക്ക് എന്തെങ്കിലും മാനസാന്തരം വന്നിട്ടുണ്ടോ? ഭാവിയിൽ ഇവരുടെ കാര്യത്തിൽ ആർക്കെങ്കിലും ഉറപ്പു നൽകാൻ കഴിയുമോ? പ്രതികൾക്ക് കുട്ടികളും കുടുംബവും ഉണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ ആ ഒരു കാര്യം മാത്രമാണ് തങ്ങൾ പരിഗണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.