‘ദേ പോയി… ദാ വന്നു’ ; ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭാര്യക്കുവേണ്ടി പ്രചാരണത്തിനെത്തിയ താരം ആളില്ലാത്തതിനാല്‍ നിലംതൊടാതെ മടങ്ങി

Jaihind Webdesk
Tuesday, May 7, 2019

ഛണ്ഡീഗഡ് ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ഭാര്യയുമായ കിരണ്‍ ഖേറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടന്‍ അനുപം ഖേറിനെ കാത്തിരുന്നത് ഒഴിഞ്ഞ വേദിയും സദസും. ആളില്ലാത്തതിനെ തുടര്‍ന്ന് പ്രചാരണം ഉപേക്ഷിച്ച്  താരം വീട്ടിലേക്ക് മടങ്ങി.

സെക്ടര്‍ 28 സിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു അനുപം ഖേറിന്‍റെ ആദ്യ പ്രചാരണ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍  വൈകിട്ട് നാല് മണി കഴിഞ്ഞിട്ടും ആളുകളെത്താതായതോടെ  പരിപാടി റദ്ദാക്കുകയായിരുന്നു. സെക്ടര്‍ 35 സിയില്‍ അഞ്ചു മണിക്ക് നടക്കേണ്ടതായിരുന്നു രണ്ടാമത്തെ പരിപാടി. ഇവിടെയും ആളില്ല എന്നുകണ്ടതോടെ താരം നിലംതൊടാതെ മടങ്ങുകയായിരുന്നു. അനുപം ഖേര്‍ മടങ്ങിയതിന് പിന്നാലെ സംഘാടകര്‍ക്കിടയിലും തര്‍ക്കമുണ്ടായി. പിന്നീട് ആറ് മണിയോടെ കഷ്ടിച്ച് അമ്പതോളം വരുന്ന ആള്‍ക്കൂട്ടത്തെ കൌണ്‍സിലര്‍ ഹീരാ നെഗി അഭിസംബോധന ചെയ്യേണ്ട അവസ്ഥയാണുണ്ടായത്. ഭാര്യക്കുവേണ്ടി പ്രചാരണത്തിന് പോകുകയാണെന്ന് ട്വിറ്ററില്‍ പങ്കുവെച്ച് പോയതിന് പിന്നാലെയാണ് അനുപം ഖേർ പങ്കെടുക്കേണ്ടിയിരുന്ന രണ്ട് പരിപാടികളും ആളില്ലാത്തതിനാല്‍ ഉപേക്ഷിക്കേണ്ടിവന്നത്.

അനുപം ഖേര്‍ പങ്കെടുക്കേണ്ടിയിരുന്ന രണ്ട് പരിപാടികളും മുടങ്ങിയതിന് പിന്നാലെ ബി.ജെ.പിയിലെ പടലപ്പിണക്കങ്ങളും തലപൊക്കി. സംഘാടനത്തിലെ പാളിച്ചയാണെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. കിരണ്‍ ഖേറും ഛണ്ഡീഗഢ് ബി.ജെ.പി അധ്യക്ഷന്‍ സഞ്ജയ് ടാണ്ടണുമായുള്ള കിടമത്സരമാണ് പ്രചാരണ പരിപാടി പൊളിയാന്‍ ഇടയായതെന്ന്  ആരോപണമുയരുന്നു. അതേസമയം വിവിധ കാരണങ്ങളാല്‍ ബി.ജെ.പിയുടെ പ്രചാരണപരിപാടികളില്‍ ജനപങ്കാളിത്തം കുറയുന്നത് ബി.ജെ.പി ക്യാമ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്.