‘ശശിയായി പി.വി. അൻവർ’; പരാതി നല്‍കിയിട്ടില്ല, നിലവിൽ പാർട്ടി അന്വേഷിക്കില്ല: എം.വി.​ ​ഗോവിന്ദൻ

Jaihind Webdesk
Friday, September 6, 2024

 

തിരുവനന്തപുരം: പരാതി പരസ്യമായി പറഞ്ഞതിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനത്തിന് പിന്നാലെ പി.വി. അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്‍വറിന്‍റെ പരാതി ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് യോഗതീരുമാനങ്ങള്‍ വിവരിക്കവെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ പറഞ്ഞു. പി.വി. അൻവർ പരാതി ഉന്നയിക്കേണ്ടത് ഇങ്ങനെയല്ലെന്നും ​അൻവർ പരസ്യമായി പരാതി പറഞ്ഞത് ശരിയായില്ലെന്നും എം.വി. ​ഗോവിന്ദൻ വിമർശിച്ചു.

വിഷയം ഭരണതലത്തില്‍ അന്വേഷിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഇതിനകം തന്നെ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥവന്‍റെ നേതൃത്വത്തില്‍ മികച്ച അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ കുറിച്ച്‌ പി.വി. അൻവർ മാധ്യമങ്ങളിലൂടെയല്ലാതെ പരാതിയൊന്നും പാർട്ടിക്ക് മുമ്പാകെ ഉന്നയിച്ചിട്ടില്ല. എഴുതി തന്നിട്ടുള്ള പരാതിയില്‍ പരാമർശങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ ശശിയെ കുറിച്ചുള്ള ചർച്ചകളിലേക്ക് സിപിഎം കടക്കേണ്ടതില്ല എന്നതാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അൻവർ ബോംബ് മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും നിർവീര്യമാക്കിയതോടെ നിലമ്പൂർ എംഎൽഎ വീണ്ടും വെട്ടിലായി. തൽക്കാലം ഒന്നുമില്ലെങ്കിലും സമ്മേളനങ്ങളിലെ തുടർ ചർച്ചകളിലെ വിമർശനങ്ങൾ കൂടി കണക്കിലെടുത്താകും പാർട്ടിയുടെ ഭാവി നീക്കം.