നഷ്ടപരിഹാരം നല്‍കിയില്ല, ഊട്ടിയിലേക്കുള്ള കെഎസ്ആർടിസി ബസ് വീണ്ടും ജപ്തി ചെയ്ത് കോടതി

 

മലപ്പുറം: മലപ്പുറത്ത് നിന്നും ഊട്ടിയിലേക്കുള്ള കെഎസ്ആർടിസി ബസിന് വീണ്ടും ജപ്‌തി. 2006-ല്‍ തിരൂര്‍ക്കാട് വാഹനാപകടത്തില്‍ യാത്രക്കാരി മരിച്ചതിന്‍റെ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ബസ് കോടതി ജപ്തി ചെയ്തത്. മുമ്പ് പല തവണ ഇതേ ബസ് ജപ്ത‌ി ചെയ്തിട്ടുണ്ടെങ്കിലും 2018-ന് ശേഷം ആദ്യമാണ്.

മലപ്പുറത്ത് നിന്ന് ഊട്ടി ട്രിപ്പിനൊരുങ്ങിയ കെഎസ്ആര്‍ടിസി ബസാണ് ജപ്തി ചെയ്തത്. മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്കുള്ള ഏക ബസാണിത്. മറ്റു കെഎസ്ആര്‍ടി സി ബസുകളെല്ലാം അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനുണ്ടായാല്‍ ഇതേ ബസാണ് ജപ്തി ചെയ്യാറുള്ളത്. അന്തര്‍സംസ്ഥാന ബസായതിനാല്‍ യാത്ര മുടങ്ങും. ഇതോടെ കോടതി നടപടികള്‍ പാലിച്ച് നഷ്ടപരിഹാരം നല്‍കി വാഹനം തിരിച്ചെടുക്കാന്‍ കെഎസ്ആര്‍ടിസി തയാറാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ഊട്ടി ബസ് തന്നെ ഇത്തവണയും കോടതി ജപ്തി ചെയ്തത്.

2006-ല്‍ തിരൂര്‍ക്കാട് അപകടത്തില്‍ യാത്രക്കാരി മരിച്ചിരുന്നു. ഇതിന്‍റെ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ബസ് കോടതി ജപ്തി ചെയ്തത്. ഊട്ടിയില്‍ നിന്ന് മഞ്ചേരിയിലേക്കുള്ള ബസില്‍ കോടതി ജീവനക്കാര്‍ കയറി മലപ്പുറത്തെത്തിയപ്പോൾ ബസിന് ജപ്തി നോട്ടിസ് നല്‍കിയപ്പോഴാണ് ഉദ്യോഗസ്ഥരും അമ്പരന്നത്. ഊട്ടിയിലേക്കുള്ള യാത്രക്കാര്‍ മലപ്പുറത്ത് കാത്തിരിക്കുന്ന സമയത്തായിരുന്നു നടപടി. നോട്ടീസ് പതിച്ച് വാഹനം കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി. രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം അടക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 36 ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി യാത്രക്കാരിക്ക് കെഎസ്ആര്‍ടിസി നല്‍കാനുള്ളത്.

Comments (0)
Add Comment