സ്വർണക്കടത്തിൽ എം ശിവശങ്കറിന് ക്ലീൻചിറ്റ് നൽകാതെ എൻഐഎ; വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം എന്നും നിർദ്ദേശം

എം ശിവശങ്കറിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിർദ്ദേശം നൽകി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാതെ എൻഐഎ വിട്ടയച്ചു. പത്തര മണിക്കൂർ ചോദ്യം ചെയ്യലിനുശേഷമാണ് കേസിൽ ക്ലീൻ ചിറ്റ് നൽകാതെ ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചത്. കേസിൽ
ശിവശങ്കറിനെ പ്രതിചേർക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെന്നാണ് എൻ ഐ എ വൃത്തങ്ങൾ നൽകുന്ന സൂചന.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് എന്‍ഐഎ ക്ലീൻ ചിറ്റ് നൽകാതെയാണ് വിട്ടയച്ചിരിക്കുന്നത്. അതായത് UAPA കേസിൽ പ്രതി ചേർക്കാനും, അറസ്റ്റുൾപ്പടെയുള്ള നടപടികൾക്കുള്ള സാധ്യത തള്ളാതെയുമാണ് എന്‍ഐഎയുടെ ചോദ്യം ചെയ്യൽ താൽക്കാലികമായി അവസാനിച്ചിട്ടുള്ളത്. 2 ദിവസമായി 20 മണിക്കൂറോളം M ശിവശങ്കർ എന്‍ഐഎക്ക് മുമ്പിൽ മൊഴി നൽകി. വിശദമായ ചോദ്യം ചെയ്യൽ തന്നെയാണ് നടന്നത്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന പരിഗണന പലപ്പോഴും എന്‍ഐഎ നൽകിയില്ലെന്നും സൂചനയുണ്ട്.

എന്നാൽ 2 ദിവസത്തെ ചോദ്യം ചെയ്യലിനിടെ ശിവശങ്കറിന് കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തുറന്ന് സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. സ്വപ്ന യുമായി വഴിവിട്ട ബന്ധം ഉണ്ടായെന്നടക്കമുള്ള കാര്യങ്ങൾ ഇതിൽപ്പെടുന്നു. അതോടൊപ്പം തന്‍റെ ഔദ്യോഗിക വാഹനം സ്വപ്നയും സന്ദീപും സരിതും പല തവണ പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി ശിവശങ്കർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വാഹനം അവർ ഉപയോഗിച്ചോ എന്ന്തനിക്ക് വ്യക്തതയില്ലെന്നും ശിവശങ്കർ മൊഴി നൽകി. മുൻകൂട്ടിയുള്ള സർക്കാർ അനുവാദമില്ലാതെയും വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്.

സ്വപ്നക്കൊപ്പം കഴിഞ്ഞ ഒരു വർഷത്തിനിടെ 3 തവണ ദുബായി സന്ദർശനം നടത്തി. അറബി ഭാഷാ പരിജ്ഞാഞാനമുള്ളതു കൊണ്ടാണ് ഐ.ടി വകുപ്പിൻ്റെ ആവശ്യങ്ങൾക്കായി ഈ യാത്രകൾ ഒരുമിച്ച് നടത്തിയതെന്നും, സാമ്പത്തിക ഇടപാടുകളടക്കം സ്വപ്ന യുമായിട്ടുണ്ടായിരുന്നതായും മൊഴി നൽകിയിട്ടുണ്ട്. കെ ടി റമീസിനെ അറിയില്ല എന്ന് ശിവശങ്കർ ആദ്യം മൊഴി നൽകിയെങ്കിലും, റമീസുമൊരുമിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ കാണിച്ചപ്പോൾ സ്വപ്ന- സന്ദീപ് എന്നിവരുടെ സുഹൃത്തെന്ന രീതിയിൽ റമീസിനെ പരിചയമുണ്ടെന്ന് ശിവശങ്കർ പറഞ്ഞു. അതിനിടെ കസ്റ്റഡിയിൽ ലഭിച്ച KT റമീസിനെയും, ശിവശങ്കറിനേയും അരമണിക്കൂറോളം ഒരുമിച്ചിരുത്തിയും എന്‍ഐഎ ചോദ്യം ചെയ്തു. റമീസിൽ നിന്നും ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ എന്‍ഐഎ പ്രതീക്ഷിക്കുന്നുണ്ട്. അതോടൊപ്പം സെക്രട്ടേറിയറ്റിലേതടക്കമുള്ള ccTv ദൃശ്യങ്ങളും ശിവശങ്കറിനെതിരെയുള്ള തെളിവുകളായി മാറുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ. ഇവയടക്കമുള്ള തെളിവുകൾ ലഭ്യമായാൽ വീണ്ടും M ശിവശങ്കറിനെ വിളിച്ചു വരുത്തി എന്‍ഐഎ ചോദ്യം ചെയ്യും. ദുബൈയിലുള്ള ഫൈസൽ ഫരീദുമായി ശിവശങ്കറിനുള്ള ഇടപാടുകൾകളുടെ തെളിവുകളും എന്‍ഐഎ ശേഖരിക്കുന്നുണ്ട്. അടുത്ത ചോദ്യം ചെയ്യൽവരെ M ശിവശങ്കറിനും സർക്കാരിനും താൽക്കാലിക ആശ്വാസം. ഒരു പക്ഷേ അറസ്റ്റുൾപ്പടെയുള്ള നടപടികൾ ഉണ്ടായില്ലെങ്കിൽ പോലും, കേസിൽ ശിവശങ്കറിനെ മാപ്പുസാക്ഷിയാക്കിയാലും അത് സർക്കാരിന് കനത്ത തിരിച്ചടിയാകും. അതിനുള്ള കടുത്ത രാഷ്ട്രീയ സമ്മർദ്ദവും അന്വേഷണ ഏജൻസിക്കു മേലുണ്ടെെന്നാണ് സൂചന.

Comments (0)
Add Comment