പെരിയാറിലെ മത്സ്യക്കുരുതി: രാസമാലിന്യം എന്തെന്നതില്‍ വ്യക്തതയില്ല; പരസ്പരം പഴിചാരി സർക്കാർ വകുപ്പുകള്‍

Jaihind Webdesk
Thursday, May 23, 2024

 

കൊച്ചി: പെരിയാറിലെ മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം എന്തെന്നതില്‍ വ്യക്തതയില്ല. പരിശോധനാ ഫലങ്ങള്‍ വൈകുന്നു. പരസ്പരം പഴിചാരുന്ന തിരക്കിലാണ് സര്‍ക്കാര്‍ വകുപ്പുകള്‍. വ്യവസായ വകുപ്പിന്‍റെയും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെയും ജാഗ്രതക്കുറവാണ് കൂട്ടക്കുരുതിക്ക് കാരണമെന്ന് ഇറിഗേഷന്‍ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു. മലിനീകരണ നിയന്ത്രണ ബോർഡിനെതിരെ പ്രതിഷേധം തുടരുകയാണ്.

അതേസമയം രാസമാലിന്യം ഒഴുക്കിയതിനെ തുടർന്നുണ്ടായ മത്സ്യക്കുരുതിയിൽ സബ്കളക്ടറുടെ പ്രാഥമിക റിപ്പോർട്ട് രണ്ടു ദിവസത്തിനകമെന്ന് സൂചന. പാതാളം റെഗുലേറ്റർ തുറന്നതിൽ വിവിധ വകുപ്പുകൾ തമ്മിൽ ആശയവിനിമയത്തിന്‍റെ അഭാവമുണ്ടായോ എന്നതടക്കം റിപ്പോർട്ടിലുണ്ടാകും. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജിൽ പരിശോധനയ്ക്ക് എത്തിയ കളക്ടറുടെ നേരെ ജനരോഷം ഉയർന്നു. പരിസ്ഥിതി പ്രവർത്തകർ അടക്കമുള്ളവരുമായി നാളെ ചർച്ച നടത്തും. ഒരാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കും.

മത്സ്യകർഷകരുടെ നഷ്ടം തിട്ടപ്പെടുത്താനുള്ള ഫിഷറീസ് വകുപ്പിന്‍റെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്ന 150-ഓളം കൂട് മത്സ്യകൃഷി യൂണിറ്റുകളാണ് പ്രദേശത്തുള്ളത്. ഒരു യൂണിറ്റ് സ്ഥാപിക്കാൻ മാത്രം 3 ലക്ഷത്തോളം രൂപയുടെ ചെലവ് വരും. ഇക്കാര്യങ്ങൾ അടക്കം പരിശോധിച്ച് നഷ്ടത്തിന്‍റെ റിപ്പോർട്ട് നാളെ സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മത്സ്യക്കുരുതിയെ കുറിച്ചുള്ള വിശദ അന്വേഷണത്തിന് കുഫോസ് നിലയാഗിച്ച ഏഴംഗ വിദഗ്ധ സംഘവും പ്രദേശത്ത് പരിശോധന നടത്തി.