മുട്ടിൽ വനംകൊള്ളക്കേസിലെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിലെ മുഖ്യപ്രതികളായ ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യം. വനം വകുപ്പിന്‍റെ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ പ്രതികൾക്ക് പുറത്തിറങ്ങാം. കുറ്റപത്രം സമർപ്പിക്കാത്തത് മനഃപൂർവമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് 43 കേസുകളായിരുന്നു മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ സമീറിന്‍റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 36 കേസുകളിലും പ്രധാന പ്രതികളായിരുന്നു മുട്ടില്‍ സഹോദരങ്ങള്‍.
അതിനിടെ മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്. ചെക്ക് പോസ്റ്റിൽ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തത്.