രാഹുൽ ഗാന്ധിയുടെ ജന്മദിനം: ആഘോഷങ്ങൾ പാടില്ലെന്ന് എ ഐ സി സി

Jaihind News Bureau
Thursday, June 18, 2020

തിരുവനന്തപുരം:അതിർത്തിയിൽ ശത്രു രാജ്യത്തിന്‍റെ കൊടും ക്രൂരതയിൽ ജീവൻ പൊലിഞ്ഞ സൈനികരോടുള്ള ആദരസൂചകമായും കൊവിഡ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലും രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ഒരു തരത്തിലുമുള്ള ആഘോഷങ്ങളും പാടില്ലെന്ന് എഐസിസി. ഇത് സംബന്ധിച്ച് കർശന നിർദ്ദേശം കോൺഗ്രസ് നേതൃത്വം എല്ലാ തലങ്ങളിലുമുള്ള നേതാക്കൾക്കും പ്രവർത്തകർക്കും നൽകിയിട്ടുണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. കേക്ക് മുറിക്കുകയോ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയോ മുദ്രാവാക്യങ്ങൾ മുഴക്കുകയോ തുടങ്ങി ഒരു തരത്തിലുമുള്ള ആഘോഷങ്ങളും ഉണ്ടാകരുതെന്ന നിർദ്ദേശം എല്ലാ പിസിസികള്‍ക്കും നല്‍കിയിട്ടുണ്ട്. നിർദ്ദേശം നിർബന്ധമായും പാലിക്കുവാൻ എല്ലാ കോൺഗ്രസ് പ്രവർത്തകരും ബാദ്ധ്യസ്ഥരാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ദുരിത ബാധിതരുടേയും സഹായമർഹിക്കുന്നവരുടേയും ഒപ്പമാകണം കോൺഗ്രസ് പ്രവർത്തകർ ഉണ്ടാകേണ്ടത്. അങ്ങേയറ്റം ലാളിത്യത്തോടെ നന്മനിറഞ്ഞ പ്രവൃത്തികളിലൂടെ രാജ്യത്തെ സാധാരണക്കാർക്കൊപ്പമാകട്ടെ രാഹുൽ ഗാന്ധിയുടെ ഈ ജന്മദിനവുമെന്ന് എ ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.