റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് കുരുക്ക് മുറുകുന്നു; സുപ്രധാന രേഖകള്‍ പുറത്ത്

റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സുപ്രധാന രേഖകള്‍ പുറത്ത്. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര വിലപേശല്‍ നടത്തിയതിന്‍റെ രേഖകളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ബാങ്ക് ഗ്യാരന്‍റിയില്ലാതെ ഒപ്പുവെച്ച കരാര്‍ അധികബാധ്യതയുണ്ടാക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.പി.എയുടെ കാലത്ത് ഉള്ളതിനേക്കാള്‍ ലാഭകരമായാണ് എന്‍.ഡി.എ ഈ കരാര്‍ പുതുക്കി ഏറ്റെടുത്തതെന്നായിരുന്നു മോദി സര്‍ക്കാരിന്‍റെ അവകാശവാദം. രണ്ട് ശതമാനത്തോളം ലാഭമുണ്ടാകും എന്നായിരുന്നു വാദഗതി. എന്നാല്‍  ബാങ്ക് ഗ്യാരന്‍റിയുള്ള കരാറുമായി താരതമ്യം ചെയ്താല്‍ പുതിയ കരാര്‍ കൂടുതല്‍ ചെലവേറിയതാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.  7485.87 കോടി ഡോളറായിരുന്നു ബാങ്ക് ഗ്യാരന്‍റിയോടുകൂടിയ കരാറിന് വേണ്ടിയിരുന്നത്. എന്നാല്‍ ബാങ്ക് ഗ്യാരന്‍റി ഇല്ലാതെയാണ് മോദി സര്‍ക്കാര്‍ കരാരില്‍ ഒപ്പുവെച്ചത്. ഇതിന് വേണ്ടിവന്നതാകട്ടെ  7879.45 കോടി ഡോളര്‍. ബാങ്ക് ഗ്യാരന്‍റിയില്‍ ഇടപാട് നടത്തണമെന്ന നിര്‍ദേശം തള്ളിയതിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ സമാന്തര ഇടപെടല്‍ കാരണമാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. റഫാലില്‍ പ്രധാനമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിവരമാണിത്. പ്രധാനമന്ത്രിയുടേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെയും ഓഫീസുകള്‍ കേന്ദ്രീകരിച്ചായിരുന്നു സമാന്തര വിലപേശല്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

Image Courtesy: The Hindu

ബാങ്ക് ഗ്യാരന്‍റിയില്ലാതെ കരാര്‍ നടപ്പാക്കിയതിലൂടെ മേല്‍ക്കൈ ഫ്രഞ്ച് ഗവണ്‍മെന്‍റിനാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലിലൂടെ നഷ്ടമായത് ബാങ്ക് ഗ്യാരന്‍റിയുടെ സംരക്ഷണമാണ്. ബാങ്ക് ഗ്യാരന്‍റി ഒഴിവാക്കിയതിലൂടെ അധികസാമ്പത്തിക ബാധ്യതയും ഉണ്ടായി. ഇതിനെല്ലാം തടസം തീര്‍ത്തത് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സമാന്തര വിലപേശല്‍ സംഘമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കരാറില്‍ ഇന്ത്യക്ക് മേല്‍ക്കൈ നഷ്ടമാക്കുകയാണ് ഈ ഇടപെടലിലൂടെ ഉണ്ടായത്.

റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉത്തരവിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കി പരമോന്നത കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്.

narendra modirafale deal
Comments (0)
Add Comment