രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; 22 വരെ റിമാന്‍ഡില്‍

Jaihind Webdesk
Tuesday, January 9, 2024

 

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്തു. രാഹുലിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. അതേസമയം ആസൂത്രിതമായി നടപ്പിലാക്കിയ അറസ്റ്റിനെതിരെ സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഫാസിസ്റ്റ് നയമാണ് പിണറായി സർക്കാർ നടപ്പിലാക്കുന്നതെന്ന് നേതാക്കള്‍ പ്രതികരിച്ചു. അറസ്റ്റുകൊണ്ടൊന്നും കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

ചൊവ്വാഴ്ച പുലർച്ചെ  വീടുകയറിയാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. നവകേരള സദസിന്‍റെ പേരിൽ ഡിവൈഎഫ്ഐ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചില്‍ എടുത്ത കേസിലാണ് അറസ്റ്റ്. പത്തനംതിട്ട അടൂരിലെ വീട്ടില്‍ നിന്നാണ് രാഹുലിനെ കന്‍റോണ്‍മെന്‍റ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു നോട്ടീസ് പോലും നല്‍കാതെയായിരുന്നു പോലീസിന്‍റെ നാടകീയ നീക്കം.

രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു. ഗുരുതര ആരോഗ്യപ്രശ്നമില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു മെഡിക്കൽ പരിശോധന. ഫോർട്ട് ആശുപത്രിയിലാണ് രാവിലെ മെഡിക്കൽ പരിശോധന നടത്തിയത്. രാഹുലിന്‍റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തു. നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദ്ദിച്ചതിനെതിരെ ഡിസംബർ 20ന് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരത്തിനിടെ വ്യാപക അക്രമം നടന്നതായി പ്രോസിക്യൂഷൻ വാദിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധമല്ല, ആക്രമണമാണ് നടന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. നടന്നത് രാഷ്ട്രീയ പ്രതിഷേധമാണെന്ന് രാഹുലിന്‍റെ അഭിഭാഷകന്‍ വാദിച്ചു. രാഹുൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ല. രാഹുലിന് പോലീസ് അറസ്റ്റു ചെയ്യുന്നതിനു മുമ്പ് നോട്ടീസ് നൽകിയില്ല. പോലീസ് സ്റ്റേഷനിലെത്തിച്ചശേഷമാണ് നോട്ടീസ് നൽകിയത്. മൂന്നു കേസുകൾ നിലനിൽക്കുമ്പോൾ ഒരു കേസിൽ മാത്രം അറസ്റ്റു ചെയ്യുന്നതിലൂടെ പോലീസിന്‍റെ ഉദ്ദേശ്യം വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതിക്ക് ജാമ്യം നൽകണോ എന്ന വിഷയത്തിൽ രണ്ടു മെഡിക്കൽ റിപ്പോർട്ട്‌ ഹാജരാക്കുമ്പോൾ ഏറ്റവും അവസാനം പരിശോധന നടത്തിയ ഡോക്ടർ നൽകിയ റിപ്പോർട്ട്‌ വേണം കോടതി പരിഗണിക്കേണ്ടതെന്ന് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി വാദിച്ചു. ഏറ്റവും അവസാനം ജനറൽ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ആരോഗ്യപ്രശ്നങ്ങളില്ല എന്നായിരുന്നു റിപ്പോർട്ട്. ഇത് അംഗീകരിച്ച കോടതി രാഹുലിന്‍റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗൺമാനും ചേർന്ന് പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്. സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംഎൽഎയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളാണ്. നേരത്തെ 24 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.