സിപിഎം -ബിജെപി അവിശുദ്ധ ബന്ധത്തിന്റെ അവസാന തെളിവാണ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും ഇന്നലെ നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് യുഡിഎഫ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗൗരവതരമായ സംഭവം ഉണ്ടായിട്ട് അതിനെതിരെ ചെറുവിരല്‍ പോലും അനക്കാത്ത സര്‍ക്കാര്‍ നിലപാട് ബിജെപിയുമായിട്ടുള്ള ബന്ധമാണ് സൂചിപ്പിക്കുന്നതെന്നും ജനങ്ങള്‍ക്കു മുന്നില്‍ അത് തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച സഭ ഇന്നത്തേക്ക് പിരിഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിയെ ആരെങ്കിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചാല്‍ അറസ്റ്റു ചെയ്യുകയും വീടും ഓഫീസും റെയ്ഡ് ചെയ്യുകയും ചെയ്യുന്ന സര്‍ക്കാരാണ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട പായിക്കുമെന്നു പറഞ്ഞ ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്നത്. ബി.ജെ.പിയെ ഭയന്നാണ് അയാളെ അറസ്റ്റു ചെയ്യാതിരിക്കുന്നത്. കേരളത്തിലെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും അവിശുദ്ധ ബാന്ധവത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിത്. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്നലെ നടത്തിയ പ്രക്ഷോഭം യു.ഡി.എഫും ഏറ്റെടുക്കുകയാണ്. ബി.ജെ.പി നേതാവിനെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ട് പോകും. സി.പി.എം- ബി.ജെ.പി ബന്ധം കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടും. രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണത്തെ ജീവന്‍ കൊടുത്തും പ്രതിരോധിക്കും. കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് കേരളത്തിലെ മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കുന്നു. ബിജെപിയും സിപിഎമ്മും തമ്മില്‍ ഒത്താശയെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്. വധഭീഷണി ഗുരുതരം എന്നും സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരുന്നു.