പിസി ജോര്‍ജ്ജിന്റെ നാവാട്ടത്തിന് കോടതിയുടെ പിടിവീണു. ടി വി ചര്‍ച്ചയ്ക്കിടെ മതവിദ്വേഷം വളര്‍ത്തുന്നതരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസിലാണ് ബിജെപി നേതാവു കൂടിയായ പി. സി ജോര്‍ജ്ജിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്ന് പി.സി ജോര്‍ജ്ജ് കോടതിയില്‍ മാപ്പ് അപേക്ഷിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് കേസില്‍ വിധി നല്‍കിയത്. വിദ്വേഷപരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്ന ജോര്‍ജിനെതിരേ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇന്ത്യയിലെ ഒരു വിഭാഗം മുഴുവന്‍ വര്‍ഗീയവാദികളാണെന്നും അവര്‍ മറ്റൊരു രാജ്യത്തേയ്്ക്കു പോകണമെന്നുമാണ് ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് പറഞ്ഞത്. ഈരാറ്റുപേട്ടയില്‍ വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും അദ്ദേഹം ചര്‍ച്ചയില്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ടയിലെ വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.