KSU PROTEST| ‘കൈയിട്ടുവാരി’യവര്‍ക്കെതിരെ നടപടിയില്ല; നീര്‍ക്കുന്നം ഗവ. യു പി സ്‌കൂളില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; ഡി.ഡി.ഇ. ഓഫീസ് ഉപരോധിച്ച് കെ.എസ്.യു

Jaihind News Bureau
Tuesday, November 4, 2025

ആലപ്പുഴ: അമ്പലപ്പുഴ നീര്‍ക്കുന്നം ഗവ. എസ്.ഡി.വി. യു.പി. സ്‌കൂളില്‍ നടന്ന അനധികൃത പണപ്പിരിവിലും മറ്റ് ക്രമക്കേടുകളിലും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവിദ്യാഭ്യാസ ഡയറക്ടറുടെ (ഡി.ഡി.ഇ.) ഓഫീസ് ഉപരോധിച്ചു. പൊതു വിദ്യാലയങ്ങളുടെ അന്തസ്സ് കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന നീര്‍ക്കുന്നം സ്‌കൂളില്‍ അനധികൃത പണപ്പിരിവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉച്ചഭക്ഷണ പദ്ധതിയിലും സപ്ലിമെന്ററി ന്യൂട്രീഷന്‍ പ്രകാരം നല്‍കുന്ന മുട്ട, പാല്‍ വിതരണത്തിലും ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ കുട്ടികളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും അനധികൃതമായി പണപ്പിരിവ് നടത്തി ലക്ഷങ്ങളുടെ അഴിമതിയും ക്രമക്കേടും സ്‌കൂളില്‍ നിത്യസംഭവമാണെന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള അക്കൗണ്ട്സ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിലും ഉച്ചഭക്ഷണ പദ്ധതിയിലും എസ്.എസ്.കെ. ഫണ്ട് വിനിയോഗത്തിലും ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും നാളായിട്ടും ക്രമക്കേടുകള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഒരു ശിക്ഷാ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കെ.എസ്.യു. ആരോപിച്ചു.

ഗുരുതരമായ ഈ അഴിമതി ആരോപണത്തിന്റെ വസ്തുതകള്‍ വീണ്ടും പരിശോധിക്കണമെന്നും, വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേസ് വിജിലന്‍സിന് കൈമാറണമെന്നും കെ.എസ്.യു. നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ആദിത്യന്‍ സാനു, സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍സില്‍ ജലീല്‍, ജില്ലാ ഭാരവാഹികളായ നായിഫ് നാസര്‍, ആര്യ കൃഷ്ണന്‍, വിഷ്ണുപ്രസാദ്, നവനീത്, ഹരികൃഷ്ണന്‍ തുടങ്ങിയവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.