സുപ്രീം കോടതി ഉത്തരവിനെതിരെ നിയമനിര്‍മ്മാണം നടത്താന്‍ ഉപദേശം നല്‍കിയ ഉദ്യോഗസ്ഥനെ ഹൈക്കോടതി മടക്കി വിളിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍

Jaihind News Bureau
Tuesday, November 24, 2020

ഭരണഘടനവ്യവസ്ഥകളെ ലംഘിച്ചും മൗലികാവകാശങ്ങളെ ഹനിച്ചും സുപ്രീം കോടതി ഉത്തരവിനെതിരെ നിയമനിര്‍മ്മാണം നടത്താന്‍ ഉപദേശം നല്‍കിയ ജില്ലാ ജഡ്ജി പദവിയില്‍ നിന്നും നിയമവകുപ്പ് സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ വന്ന ഉദ്യോഗസ്ഥനെ മടക്കി വിളിക്കാന്‍ ഹൈക്കോടതി നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ഭരണഘടന പ്രകാരം ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനുളള അധികാരം യുക്തിസഹമായി ഗവര്‍ണര്‍ വിനിയോഗിക്കേണ്ടതാണ്. മന്ത്രിസഭ ശുപാര്‍ശ ചെയ്തു എന്ന ഒറ്റക്കാരണം കൊണ്ട് വിവേചനാധികാരം ഉപയോഗിക്കാതെ മൗലികാവകാശങ്ങളെ ഹനിക്കുന്ന ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ശുപാര്‍ശകളും ഗവര്‍ണറില്‍ നിക്ഷിപ്തമായ ഭരണഘടനാധികാരം വിനിയോഗിച്ച് നിരാകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.

ഐ.ടി ആക്ടിലെ 66എ യും കേരള പോലീസ് ആക്ടിലെ 118 ഡി യും മറ്റൊരു രൂപത്തില്‍ 118 എ ആയി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതില്‍ കൂട്ടുനിന്ന നിയമവകുപ്പ് സെക്രട്ടറിയുടെ നിലപാട് നീതി നിര്‍വ്വഹണത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ഹൈക്കോടതിയില്‍ നിന്നും ഡപ്യൂട്ടേഷനില്‍ നിയമിച്ച ജില്ലാ ജഡ്ജിയായ നിയമ സെക്രട്ടറി പോലും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ താല്പര്യം കാണിച്ചില്ലെങ്കില്‍ നീതി നിര്‍വ്വഹണം എങ്ങനെയാണ് നടപ്പാവുന്നത്. അടിസ്ഥാനപരമായ നിയമ നടപടിക്രമങ്ങള്‍ പാലിക്കാന്‍ തയ്യാറാകാതെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങുന്ന ഉദ്യോഗസ്ഥനെ തിരികെ വിളിക്കാന്‍ ഹൈക്കോടതി തയ്യാറാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ താല്പര്യ സംരക്ഷണത്തിനായി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്ന സര്‍ക്കാര്‍ ജുഡീഷ്യല്‍ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെയും അതേ നിലയില്‍ ഉപയോഗിക്കുന്നുവെന്നത് അങ്ങേയറ്റം ഖേദകരവും നിയമ വ്യവസ്ഥയോടുളള വെല്ലുവിളിയുമാണ്. ജില്ലാ ജഡ്ജി പദവിയിലുളളവര്‍ പോലും സര്‍ക്കാരിന്‍റെ താല്പര്യം സംരക്ഷിക്കുന്നതിനായി മൗലിക അവകാശങ്ങളെയും ഭരണഘടനയേയും കാറ്റില്‍ പരത്തുന്നത് സംസ്ഥാന നിയമവ്യവസ്ഥയെ ദോഷകരമമായി ബാധിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു