ശബരിമല: വി.മുരളീധരന്‍റെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതെന്ന് എൻ.കെ പ്രേമചന്ദ്രൻ

Jaihind News Bureau
Tuesday, October 8, 2019

NK-Premachandran-MP

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എതിരായാല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതും പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രിയുടെ പദവിക്ക് യോജിക്കാത്തതുമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ 36 ദിവസംകൊണ്ട് ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെ 35 ബില്ലുകളാണ് ബി.ജെ.പിസര്‍ക്കാര്‍ പാസ്സാക്കിയത്. ആത്മര്‍ത്ഥാതയുണ്ടായിരുന്നെങ്കില്‍ ശബരിമല വിഷയത്തിലും നിഷ്പ്രയാസം നിയമനിര്‍മ്മാണം നടത്താമായിരുന്നു. എന്തുകൊണ്ടാണ് ശബരിമല സംബന്ധിച്ച നിയമനിര്‍മ്മാണം നടത്താത്തതെന്ന്‌വ്യക്തമാക്കണം. സുപ്രീംകോടതിയില്‍ റിവ്യൂഹര്‍ജി നിലനില്‍ക്കുന്നതുകൊണ്ടാണ് നിയമനിര്‍മ്മാണം നടത്താന്‍ കഴിയാഞ്ഞതെന്ന മന്ത്രിയുടെവാദം നിരര്‍ത്ഥകവും അപ്രസക്തവുമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഢന നിരോധന നിയമവുമായി ബന്ധപ്പെട്ട സുപ്രീംകോതിവിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍തന്നെ സമര്‍പ്പിച്ച റിവ്യുഹര്‍ജി നിലനില്‍ക്കുമ്പോഴാണ് ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തിവിധിയെ അപ്രസക്തമാക്കിയത്. പ്രസ്തുത നിയമനിര്‍മ്മാണത്തെ സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. നിയമനിര്‍മ്മാണത്തിനുള്ള പരമാധികാരവും സാധ്യതയും നിലനില്‍ക്കുമ്പോള്‍ നാളിതുവരെയായി അതിനു തയ്യാറാകാത്ത ബി.ജെ.പി വിശ്വാസിസമൂഹത്തെ കബളിപ്പിക്കുകയാണ്.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവനയിലെ കാപട്യം ജനം തിരിച്ചറിയും. ശബരിമല സംബന്ധിച്ച് സ്വകാര്യബില്ല് കൊണ്ടുവന്നപ്പോള്‍ ബി.ജെ.പി വക്താവ് മീനാക്ഷിലേഖിയെക്കൊണ്ട് ബില്ലിനെ സഭയില്‍ എതിര്‍ക്കുകയാണ്‌ ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയശേഷമാണ് സ്വകാര്യബില്‍ സഭയുടെ അനുമതിയോടെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്‍റിന് നിയമനിര്‍മ്മാണാധികാരം ഉള്ളതുകൊണ്ടാണ് അവതരണാനുമതിലഭിച്ചതും ബില്ല് അവതരിപ്പിച്ചതും. ബില്ല് ഇപ്പോഴും പാര്‍ലമെന്‍റിന്‍റെ സജീവ പരിഗണനയിലാണ്. ബില്ല് തള്ളിപ്പോയി എന്ന് പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധവും ദുരുദ്ദേശപരവുമാണ്. കേരളത്തില്‍തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു വേണ്ടി മാത്രമാണ് ബി.ജെ.പി ശബരിമലവിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പാര്‍ലമെന്റില്‍ നിലനില്‍ക്കുന്ന ശബരിമല സംബന്ധിച്ച സ്വകാര്യ ബില്ലിനെ ബി.ജെ.പി പിന്തുണയ്ക്കുന്നുണ്ടോയെന്ന് മന്ത്രി വെളിപ്പെടുത്തണം.സമവര്‍ത്തിത ലിസ്റ്റില്‍പ്പെട്ട വിഷയമായതിനാല്‍ നിയമനിര്‍മ്മാണം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന് യാതൊരു തടസ്സവുമില്ല. വിശ്വാസികള്‍ക്കൊപ്പമാണെന്ന് ദേവസ്വം മന്ത്രിയും നവോത്ഥാനമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രിയും പരസ്പര വിരുദ്ധ പ്രസ്താവന നടത്തി ജനങ്ങളെ പരിഹസിക്കുകയാണ്.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും സി.പി.എം നുമുള്ള നയംവിശ്വാസിസമൂഹത്തിനെതിരാണ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് വേളയില്‍ ദേവസ്വം മന്ത്രിയെക്കൊണ്ട് വിരുദ്ധ പ്രസ്താവന പുറപ്പെടുവിക്കുന്ന സി.പി.എം നയം ഇരട്ടത്താപ്പാണ്. ശബരിമലവിഷയത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്കൊപ്പമാണോ ദേവസ്വം മന്ത്രിക്കൊപ്പമാണോഎന്ന്‌ വെളിപെടുത്തണം. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ബി.ജെ.പിയും സി.പി.എമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വിശ്വാസികള്‍ക്കൊപ്പംസ്ഥായിയായ നിലപാട്‌സ്വീകരിച്ചത് യു.ഡി.എഫ് മാത്രമാണ്. പാര്‍ലമെന്‍റില്‍ നിലനില്‍ക്കുന്ന സ്വകാര്യ ബില്ല് ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ ബി.ജെ.പിയും സി.പി.എംഉം ബില്ലിനെ അനുകൂലിക്കുമോ പ്രതികൂലിക്കുമോഎന്ന്‌ വെളിപ്പെടുത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി വാർത്താ സമ്മേളനത്തിൽ
ആവശ്യപ്പെട്ടു.