കാശ്മീരിലെ നിയമസഭാ സാമാജികരുടെ അധ്യാപകനായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി ; ലോക്‌സഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 300 അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും

Jaihind Webdesk
Friday, January 10, 2025

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നിയമസഭാ സാമാജികരുടെ അധ്യാപകനമായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. ലോക്‌സഭാ സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്ററി റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് (പ്രൈഡ്) ആണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സമാജികര്‍ക്ക് പരിശീലനം നല്‍കുവാന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി യെ നിയോഗിച്ചത്. നേരത്തെ ലോക്‌സഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 300 അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനും എം പി അധ്യാപകനായിരുന്നു.

ജനുവരി 9 -ാം തീയതി മുതല്‍ 11 -ാം തീയതി വരെ ജമ്മു കാശ്മീര്‍ നിയമസഭാ മന്ദിരത്തില്‍ സെന്‍ട്രല്‍ ഹാളിലിലാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സാമാജികര്‍ക്ക് പ്രൈഡ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പരിശീലന പരിപാടി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. അതീവ പ്രാധാന്യമുളള രണ്ട് വിഷയങ്ങളിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ക്ലാസ്സുകള്‍ എടുത്തത്. 10 -ാം തീയതി രാവിലെ നിയമനിര്‍മ്മാണ നടപടികളെ കുറിച്ചും ഉച്ചയ്ക്ക് ശേഷം ബഡ്ജറ്റും ധനകാര്യ നടപടികളെ സംബന്ധിച്ചുമുളള വിഷയങ്ങളിലാണ് ക്ലാസ് എടുത്തത്. ജമ്മു കാശ്മീരില്‍ നിയമസഭയുടെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സ്പീക്കര്‍ അബ്ദുല്‍ റഹിം റാത്തര്‍ അധ്യക്ഷനായിരുന്നു.