‘ആദ്യം പിണറായി സ്വയം തിരുത്തണം; തൃശൂരില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രി’: എൻ.കെ. പ്രേമചന്ദ്രൻ

Jaihind Webdesk
Wednesday, June 5, 2024

NK-Premachandran-MP

 

ന്യൂഡല്‍ഹി: കൊല്ലത്ത് നല്ല ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും നന്ദി അറിയിച്ച് ആര്‍എസ്‌പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ. കൊല്ലത്ത് നേടിയത് രാഷ്ട്രീയ വിജയം. തൃശൂരില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സിപിഎമ്മും മുഖ്യമന്ത്രിയും പശ്ചാത്തല സൗകര്യം ഒരുക്കിയെന്ന് പ്രേമചന്ദ്രന്‍ വിമർശിച്ചു. തിരുത്തൽ വരുത്തും എന്ന് പറഞ്ഞ മുഖ്യമന്ത്രി ആദ്യം സ്വയം തിരുത്തണമെന്നും മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

താൻ ബിജെപിയിൽ പോകുമെന്ന് സിപിഎം വ്യാജപ്രചാരണം നടത്തി. എന്നാല്‍ അതെല്ലാം  പൊളിഞ്ഞുവെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. പിണറായി വിരുദ്ധ വികാരം കേരളത്തിൽ ആഞ്ഞടിച്ചു. കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി അതിന്‍റെ കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല. കുറച്ചു കൂടി നേരത്തെ ഇന്ത്യാ മുന്നണി രൂപീകരിച്ചിരുന്നെങ്കിൽ ഇതിലും മികച്ച ഫലം ഉണ്ടാവുമായിരുന്നുവെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ കൂട്ടിച്ചേർത്തു.